മുല്ലപ്പെരിയാർ സുരക്ഷ വീഴ്ച; രണ്ടു റിട്ടയർഡ് എസ് ഐമാരടക്കം നാലുപേർക്കെതിരെ കേസ്
തമിഴ്‌നാട് സർക്കാറിന്റെയോ കേരളാ സർക്കാരിന്റയോ അനുമതി ഉള്ളവർക്ക് മാത്രമേ ഇവിടെ പ്രവേശിക്കാൻ കഴിയുകയുള്ളു
മുല്ലപ്പെരിയാറിലെ സുരക്ഷാ വീഴ്ചയിൽ രണ്ടു റിട്ടയർഡ് എസ് ഐ മാരടക്കം നാലുപേർക്കെതിരെ കേസെടുത്തു. അനുവാദം ഇല്ലാതെ അണക്കെട്ടിലേക്ക് പോയതിനാണ് കേസ്. വനം വകുപ്പും ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവരെ കടത്തി വിട്ട തേക്കടിയിലെ വനപാലകർക്ക് എതിരെ നടപടി ഉണ്ടാകും.
സുരക്ഷാ വീഴ്ചയിൽ പൊലീസുകാരോട്, ഡി വൈ എസ് പി ഇന്നലെ വിശദീകരണം തേടിയിരുന്നു. സുരക്ഷാ വീഴ്ചയുണ്ടെന്ന് കണ്ടാൽ പൊലീസുകാർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് മുല്ലപ്പെരിയാർ ഡിവൈഎസ്പി അറിയിച്ചത്. കേസെടുക്കാനുണ്ടായ സാഹചര്യത്തിന്റെയും റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാകും തുടർനടപടി സ്വീകരിക്കുക സുരക്ഷാവീഴ്ച പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചിട്ടുണ്ട്.
ശനിയാഴ്ചയാണ് രണ്ട് മലയാളി റിട്ടയർഡ് എസ്‌ഐമാരടങ്ങിയ നാലംഗ സംഘം സ്ഥലത്ത് എത്തിച്ചേർന്നത്. തമിഴ്‌നാടിന്റെ ബോട്ടിലായിരുന്നു ഇവർ എത്തിയത്. തമിഴ്‌നാട് ജലസേചന എഞ്ചിനീയറുടെ കൂടെയായിരുന്നു ഇവരുടെ യാത്ര. പൊതു ജനങ്ങൾക്ക് അനുമതി നിഷേധിച്ച മേഖലയായതിനാലാണ് ഇവിടെയെത്തിയ നാലുപേർക്കെതിരെയും കേസെടുത്തത്.
തമിഴ്‌നാട് സർക്കാറിന്റെയോ കേരളാ സർക്കാരിന്റയോ അനുമതി ഉള്ളവർക്ക് മാത്രമേ ഇവിടെ പ്രവേശിക്കാൻ കഴിയുകയുള്ളു. സന്ദർശകർ എത്തിയ കാര്യം ഡിവൈഎസ്പിയെ അറിയിക്കുകയോ ഇവരുടെ പേരു വിവരങ്ങൾ രേഖപ്പെടുത്തുകയോ ചെയ്യാത്തതിനാലാണ് പൊലീസുകാർക്കെതിരെ നടപടി എടുക്കാവുന്ന കുറ്റം. സംഭവത്തിൽ വിശദീകരണം ലഭിച്ച ശേഷമായിരിക്കും എസ്പിക്ക് റിപ്പോർട്ട് സമർപ്പിക്കും.
Adjust Story Font
16