മുല്ലപ്പള്ളി എഐസിസി നേതൃത്വത്തിലേക്ക്; ഉമ്മന്‍ചാണ്ടിയെ ആന്ധ്രയുടെ ചുമതലയില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത
മുല്ലപ്പള്ളി പാര്‍ട്ടി അച്ചടക്കം പാലിച്ചു എന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍
എഐസിസി നേതൃത്വത്തിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ പരിഗണിക്കാൻ സാധ്യത. രാഹുൽ ഗാന്ധിയുടെ പ്രത്യേക താല്പര്യപ്രകാരമാണ് മുല്ലപ്പള്ളി എഐസിസി നേതൃത്വത്തിലേക്ക് വരുന്നത്. ഉമ്മൻചാണ്ടിയെ ആന്ധ്ര പ്രദേശിന്‍റെ ചുമതലയിൽ നിന്ന് ഒഴിവാക്കാൻ സാധ്യതയുണ്ട്.
മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയപ്പോഴുള്ള ഫോര്‍മുല പ്രകാരമാണ് എഐസിസി നേതൃത്വത്തിലേക്ക് കൊണ്ടുവരുന്നത്. ആന്ധ്രയുടെ ചുമതലയുള്ള ഉമ്മന്‍ചാണ്ടിക്ക് അനാരോഗ്യം മൂലം പലപ്പോഴും എത്താന്‍ കഴിയാറില്ല. ഈ സാഹചര്യത്തില്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും ആന്ധ്രയിലെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കാനാണ് നീക്കം. ഉമ്മന്‍ചാണ്ടിക്ക് വേറെ എന്ത് ചുമതലയാണ് കൊടുക്കുകയെന്ന് വ്യക്തമല്ല.
നേരത്തെ രമേശ് ചെന്നിത്തലയെ എഐസിസി നേതൃത്വത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇപ്പോള്‍ മുല്ലപ്പള്ളിക്കാണ് കോണ്‍ഗ്രസ് നേതൃത്വം മുന്‍ഗണന നല്‍കുന്നത്. മുല്ലപ്പള്ളി പാര്‍ട്ടി അച്ചടക്കം പാലിച്ചു എന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. ഡിസിസി അധ്യക്ഷ പദവി സംബന്ധിച്ച് ഗ്രൂപ്പുകള്‍ക്കിടയില്‍ അതൃപ്തിയുണ്ടായപ്പോഴും പരസ്യ പ്രതികരണം മുല്ലപ്പള്ളി നടത്തിയിരുന്നില്ല.
Adjust Story Font
16