മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.5 അടിയില്‍
ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.5 അടിയിലെത്തി. 141 അടിയാണ് നിലവിലെ റൂൾ കർവ്. ഇടുക്കി ഡാമിലെ ജലനിരപ്പില്‍ നേരിയ കുറവ് രേഖപ്പെടുത്തി. ജില്ലയില്‍ മഴ മാറി നിൽക്കുന്നതും ആശ്വാസമായി .
സുപ്രിം കോടതിയുടെ ഇടക്കാല ഉത്തരവ് ഈ മാസം 11 വരെയായിരുന്നു. അതിന് ശേഷം നിലവില്‍ വന്ന റൂള്‍ കർവ് പ്രകാരം പരമാവധി ജലനിരപ്പ് 141 അടിയാണ്. വൃഷ്ടിപ്രദേശത്ത് മഴ മാറി നില്‍ക്കുന്നതിനാല്‍ നീരൊഴുക്കില്‍ കുറവുണ്ട്. പതുക്കെയാണ് ഇപ്പോള്‍ ജലനിരപ്പ് ഉയരുന്നത്. 2300 ഘനയടിയാണ് ഡാമിലേക്കുള്ള നീരൊഴുക്ക്. തമിഴ്നാട് കൊണ്ടുപോകുന്നതും അതേ അളവിലായതിനാല്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നത് തടയാനാകുന്നുണ്ട്.
ഇടുക്കി ഡാമില്‍ ഇന്ന് രാവിലെയുള്ള കണക്ക് പ്രകാരം ജലനിരപ്പില്‍ നേരിയ കുറവുണ്ടായി. രാത്രിയില്‍ 2399.16 ആയിരുന്ന ജലനിരപ്പ് രാവിലെ ആയപ്പോള്‍ 2399.14 ആയി. വൃഷ്ടിപ്രദേശത്ത് മഴയില്ല. എന്നാല്‍ ഒരു ഷട്ടർ തുറന്നുവെച്ചിട്ടും ജലനിരപ്പ് കാര്യമായി കുറയ്ക്കാനായിട്ടില്ല. ജില്ലയില്‍ ഇന്ന് ഓറഞ്ച് അലർട്ടാണുള്ളതെങ്കിലും എവിടെയും മഴയില്ല.
Adjust Story Font
16