'ജുഡീഷ്യൽ കമ്മീഷനെ വയ്ക്കുന്നത് ഞങ്ങളെ ബുദ്ധിമുട്ടിലാക്കും'; സര്‍ക്കാര്‍ തീരുമാനത്തില്‍ നിരാശയെന്ന് മുനമ്പം സമര സമിതി
അടിയന്തര പരിഹാരമില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് മുനമ്പം സമര സമിതി
കൊച്ചി: വഖഫ് ഭൂമി തർക്കം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ കമ്മീഷനെ വയ്ക്കാനുള്ള തീരുമാനം നിരാശപ്പെടുത്തുന്നതെന്ന് മുനമ്പം സമര സമിതി. വഖഫ് സ്വത്തിൽനിന്ന് തങ്ങളുടെ സ്വത്തുക്കളെ ഒഴിവാക്കിത്തരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്ന് സമര സമിതി നേതാവായ ജോസഫ് ബെന്നി പറഞ്ഞു. ഇനിയും കമ്മീഷനെ വയ്ക്കുന്നത് തങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുമെന്നും അടിയന്തരമായി ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും മുനമ്പം സമര സമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.
മൂന്നു വർഷമായി തങ്ങളുടെ റവന്യു അവകാശങ്ങൾ നിഷേധിച്ചിരിക്കുകയാണെന്നും ശാശ്വതമായ, അടിയന്തരമായ പരിഹാരമാണു പ്രതീക്ഷിക്കുന്നതെന്നും ജോസഫ് ബെന്നി പറഞ്ഞു. വഖഫ് സ്വത്തിൽനിന്ന് ഞങ്ങളുടെ സ്വത്തുക്കൾ ഒഴിവാക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. ഇതു നീണ്ടുപോകാനുള്ള സാധ്യതയാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ രജിസ്റ്റർ ചെയ്തു വാങ്ങിയ ഭൂമിയാണിത്. എല്ലാ റവന്യു രേഖകളും പരിശോധിച്ചു ക്രയവിക്രയം ചെയ്താണ് ഇവിടെ 35 വർഷമായി കഴിയുന്നത്. ഈ ഭൂമിയെ വീണ്ടും ജുഡീഷ്യൽ അന്വേഷണത്തിനു വിധേയമാക്കുന്നത് ഞങ്ങളെ കൂടുതൽ ബുദ്ധിമുട്ടിലാക്കുന്നതാകുമെന്നും ജോസഫ് ബെന്നി പറഞ്ഞു.
ഇത്തരത്തിൽ അന്വേഷണപ്രഹസനം നടത്തി ഞങ്ങളെ ബുദ്ധിമുട്ടിക്കരുത്. ഈ നിമിഷം വരെ ഒരുപാട് പ്രതീക്ഷയിലായിരുന്നു. ഇനിയുമൊരു കമ്മീഷനെ വച്ച് ഞങ്ങളുടെ സമയം കളയരുത്. പെട്ടെന്നുതന്നെ ഞങ്ങളുടെ പ്രശ്‌നം തീർക്കണം. ഇല്ലെങ്കിൽ സമരം ശക്തമാക്കുമെന്നും സമര സമിതി നേതാക്കൾ മുന്നറിയിപ്പ് നൽകി.
ഇന്നു മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് മുനമ്പം വഖഫ് ഭൂമി തർക്കം പരിഹരിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിക്കാൻ തീരുമാനമായത്. മുനമ്പത്ത് കൈവശാവകാശമുള്ള ഒരാളെയും ഒഴിപ്പിക്കില്ലെന്ന് മന്ത്രി പി. രാജീവ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഇനി ഇത്തരം നോട്ടീസുകൾ നൽകരുതെന്ന് വഖഫ് ബോർഡിനോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ആരെയും മുനമ്പത്തുനിന്ന് കുടിയൊഴിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടില്ലെന്ന് വഖഫ് മന്ത്രി വി. അബ്ദുറഹ്മാൻ വ്യക്തമാക്കി. രേഖകൾ ഹാജരാക്കാനാണ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Summary: 'Setting up a judicial commission will make things difficult for us'; Munambam Samara Samiti says government decision is disappointing
Adjust Story Font
16