Quantcast

മുനമ്പം വഖഫ് ഭൂമി; വർഗീയ ചേരിതിരിവിന് സംഘ്പരിവാർ ശ്രമമെന്ന് ആരോപണം

വഖഫ് നിയമഭേദഗതി ബില്ലിന് ന്യായീകരണമായാണ് ബിജെപിയും കാസ അടക്കമുള്ള സംഘടനകളും മുനമ്പം പ്രശ്‌നത്തെ ഉയർത്തിക്കാട്ടുന്നത്. എന്നാൽ മുനമ്പം വിഷയവും വഖഫ് ഭേദഗതി നിയമവും തമ്മിൽ ഒരു ബന്ധവുമില്ല എന്നതാണ് വസ്തുത.

MediaOne Logo

Web Desk

  • Published:

    4 Nov 2024 10:08 AM GMT

Munambam Waqf Land; It is alleged that the Sangh Parivar is trying to create communal strife
X

കോഴിക്കോട്: മുനമ്പം വഖഫ് ഭൂമിയുടെ പേരിൽ സംസ്ഥാനത്ത് വർഗീയ ചേരിതിരിവുണ്ടാക്കാൻ സംഘ്പരിവാർ ശ്രമമെന്ന് ആരോപണം. വഖഫ് നിയമഭേദഗതി ബിൽ കൊണ്ടുവരാനുള്ള കേന്ദ്രസർക്കാർ നീക്കത്തിന് ന്യായീകരണമായി മുനമ്പം പ്രശ്‌നം ഉയർത്തിക്കാട്ടാനാണ് സംഘ്പരിവാർ ശ്രമം. ഏത് ഭൂമിയും വഖഫ് ഭൂമിയായി അവകാശവാദമുന്നയിക്കുന്നത് തടയാനാണ് കേന്ദ്രസർക്കാർ നിയമഭേദഗതി കൊണ്ടുവരുന്നത് എന്നാണ് ബിജെപി-ആർഎസ്എസ് നേതാക്കൾ പറയുന്നത്. വഖഫിന്റെ പേരിൽ ഭൂമി പിടിച്ചെടുക്കുന്നതിന്റെ ഉദാഹരണമാണ് മുനമ്പം പ്രശ്‌നമെന്നും ഇവർ പറയുന്നു.

മുനമ്പം ഭൂമി വഖഫ് ഭൂമിയാണെന്ന ചർച്ചയുണ്ടാകുന്നത് കഴിഞ്ഞ വിഎസ് സർക്കാരിന്റെ കാലത്ത് നിസാർ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതോടെയാണ്. 404.76 ഏക്കർ ഭൂമിയാണ് മുനമ്പത്ത് വഖഫ് ഭൂമിയായി ഉണ്ടായിരുന്നത്. ഇതിൽ 188 ഏക്കർ വിൽപ്പന നടന്നിട്ടുണ്ട്. 22 ഏക്കർ കടലെടുത്തുപോയി. ബാക്കി 196 ഏക്കറാണ് ബാക്കിയുള്ളത്. 2010ൽ മന്ത്രിസഭ റിപ്പോർട്ട് അംഗീകരിച്ച് മുന്നോട്ടുപോകാൻ തീരുമാനിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. പിന്നീട് എറണാകുളത്തെ ചില സംഘടനകളാണ് ഈ വിഷയത്തിൽ കോടതിയെ സമീപിച്ചത്. നിലവിൽ കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ് വർഗീയ പ്രശ്‌നമാക്കാനുള്ള നീക്കം നടക്കുന്നത്.

മുനമ്പത്ത് താമസിക്കുന്നവരിൽ മുസ്‌ലിംകളും ഉണ്ടെന്നതാണ് ശ്രദ്ധേയമായൊരു കാര്യം. കയ്യേറ്റവുമായി ബന്ധപ്പെട്ട വിഷയത്തെ മുസ്‌ലിം-കൃസ്ത്യൻ പ്രശ്‌നമാക്കി മാറ്റാനുള്ള ആസുത്രിത നീക്കമാണ് ഇപ്പോൾ നടക്കുന്നത്. അവിടെ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കണമെന്ന് ഒരു മുസ്‌ലിം സംഘടനയും ആവശ്യപ്പെട്ടിട്ടില്ല. പ്രശ്‌നം സർക്കാർ രമ്യമായി പരിഹരിക്കണമെന്നാണ് കഴിഞ്ഞ ദിവസം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ കോഴിക്കോട് ചേർന്ന മുസ്‌ലിം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടത്. അവിടത്തെ താമസക്കാരെ കുടിയൊഴിപ്പിക്കരുതെന്നും പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് മുനമ്പം ഭൂമിപ്രശ്‌നത്തിൽ എന്താണ് വർഗീയത എന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ ഇന്ന് ചോദിച്ചത്. മുനമ്പത്തെ താമസക്കാരെ ഇറക്കിവിടണമെന്ന് മുസ്‌ലിംകൾ എവിടെയും ആവശ്യപ്പെട്ടിട്ടില്ല എന്നതാണ് വസ്തുത. ഇത് പൂർണമായും മറച്ചുവെച്ചാണ് മുസ്‌ലിംകൾ വഖഫ് നിയമങ്ങൾ മറയാക്കി ഭൂമി പിടിച്ചെടുക്കുന്നു എന്ന പ്രചാരണം.

മുനമ്പത്ത് സംഘ്പരിവാർ വർഗീയ ചേരിതിരിവിന് ശ്രമിക്കുകയാണെന്നും ആരെയും കുടിയിറക്കില്ലെന്നും മന്ത്രി വി. അബ്ദുറഹ്‌മാൻ ഇന്ന് വ്യക്തമാക്കിയിരുന്നു. ഭൂമിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലവിലുണ്ട്. ഇത് രാഷ്ട്രീയ പ്രശ്‌നമില്ല. മുനമ്പത്ത് ആരെയും കുടിയിറക്കില്ല. പണം കൊടുത്ത് ഭൂമി വാങ്ങിയവരെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. നികുതി സ്വീകരിക്കുന്നില്ലെന്ന് എംഎൽഎ പരാതി നൽകിയതിനെ തുടർന്ന് ആ പ്രശ്‌നവും പരിഹരിച്ചതാണ്. സർക്കാർ പൂർണമായും മുനമ്പത്തെ താമസക്കാരുടെ കൂടെയാണെന്നും മന്ത്രി പറഞ്ഞു.

മുനമ്പത്ത് വർഗീയ ചേരിതിരിവുണ്ടാക്കാൻ ആസൂത്രിത നീക്കമാണ് നടക്കുന്നതെന്ന് വ്യവസായമന്ത്രി പി. രാജീവും ചൂണ്ടിക്കാട്ടിയിരുന്നു. ഭൂമി വാങ്ങിയവർക്ക് കരമടക്കാൻ അനുമതി നൽകിയതിലൂടെ സർക്കാർ ആർക്കൊപ്പമാണെന്ന് വ്യക്തമായതാണ്. വിഷയത്തിന് പരിഹാരം കാണാൻ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ടെന്നും രാജീവ് വ്യക്തമാക്കിയിരുന്നു.

അതിനിടെ വിഷയത്തിൽ തങ്ങൾ പ്രതിഷേധം തുടരുമെന്നാണ് ഇന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞത്. മുനമ്പം വിഷയത്തിൽ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും ഗൃഹസമ്പർക്കം അടക്കമുള്ള കാമ്പയിനുകൾ വഖഫിനെതിരെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ഭേദഗതി ബില്ലിനെതിരെ നിയമസഭയിൽ പ്രമേയം പാസാക്കിയ യുഡിഎഫും എൽഡിഎഫും ജനങ്ങളോട് മാപ്പ് പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു. മുസ്‌ലിം സംഘടനകളും ഭരണ-പ്രതിപക്ഷ പാർട്ടികളും മുനമ്പത്തെ പ്രശ്‌നത്തിൽ അവിടെ താമസിക്കുന്നവർക്കൊപ്പമാണെന്ന് വ്യക്തമാക്കിയിട്ടും പ്രശ്‌നം കത്തിച്ചുനിർത്താനാണ് ബിജെപി പ്രസിഡന്റ് ശ്രമിക്കുന്നത്. കാസയുടെ നേതൃത്വത്തിലും കടുത്ത വർഗീയ പ്രചാരണമാണ് മുനമ്പം ഭൂമിപ്രശ്‌നം മറയാക്കി നടത്തുന്നത്. വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം ആളിക്കത്തിക്കുന്ന നിരവധി പോസ്റ്റുകളാണ് കാസയുടെ സോഷ്യൽ മീഡിയ പേജിലുള്ളത്. പ്രശ്‌നപരിഹാരത്തിന് ഇടപെടൽ നടത്തുന്ന രാഷ്ട്രീയ-മതനേതാക്കളെയടക്കം അധിക്ഷേപിച്ച് പ്രശ്‌നം വഷളാക്കാൻ കാസ ശ്രമിക്കുന്നത്.

വഖഫ് നിയമഭേദഗതി ബില്ലിന് ന്യായീകരണമായാണ് ബിജെപിയും കാസ അടക്കമുള്ള സംഘടനകളും മുനമ്പം പ്രശ്‌നത്തെ ഉയർത്തിക്കാട്ടുന്നത്. എന്നാൽ മുനമ്പം വിഷയവും വഖഫ് ഭേദഗതി നിയമവും തമ്മിൽ ഒരു ബന്ധവുമില്ല എന്നതാണ് വസ്തുത. നിലവിൽ വഖഫ് തർക്കങ്ങൾ പരിഹരിക്കാനുള്ള ബോഡി വഖഫ് ട്രൈബ്യൂണൽ ആണെങ്കിൽ ജില്ലാ കലക്ടർക്ക് അതിൽ ഇടപെടാനാവും എന്നതാണ് പുതിയ ഭേദഗതി. ആധാരപ്രകാരമുള്ള വഖഫിൽ കലക്ടർക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. അതിന് വിരുദ്ധമായി കലക്ടർ പ്രവർത്തിച്ചാൽ തന്നെ സിവിൽ കോടതിയിൽ ചോദ്യം ചെയ്യാനാവും. മുനമ്പം വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലുമാണ്. നിലവിലുള്ളതിനെക്കാൾ വഖഫ് പ്രശ്‌നങ്ങൾ കൂടുതൽ സങ്കീർണമാക്കുന്നതാണ് പുതിയ ഭേദഗതി. ഈ വസ്തുത പൂർണമായും മറച്ചുവെച്ചാണ് വഖഫ് നിയമഭേദഗതിക്ക് ന്യായീകരണമായി സംഘ്പരിവാർ മുനമ്പം പ്രശ്‌നം ഉയർത്തിക്കാട്ടുന്നത്.

മുനമ്പം വിഷയം ചർച്ച ചെയ്തു പരിഹരിക്കുന്നതിൽ സർക്കാറിന് ഗുരുതര വീഴ്ചയുണ്ടെന്ന ആരോപണം സർക്കാരിനെതിരെയും ഉയരുന്നുണ്ട്. വലിയ ചേരിതിരിവിന് വർഗീയ സംഘടനകൾ ശ്രമിക്കുമ്പോൾ അതിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് പകരം പരമാവധി നീണ്ടുപോയി വഷളാവട്ടെ എന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത് എന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. വിഎസ് സർക്കാരിന്റെ കാലത്താണ് മുനമ്പം വിഷയം ഉണ്ടായത്. പിന്നീട് യുഡിഎഫ് സർക്കാരിന്റെ കാലത്ത് വിഷയങ്ങളില്ലായിരുന്നു. 2021ൽ എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിലെത്തിയ ശേഷമാണ് പ്രശ്‌നം വീണ്ടും സജീവമായതെന്ന് പ്രതിപക്ഷനേതാവ് ഇന്ന് ആരോപിച്ചിരുന്നു.

TAGS :

Next Story