Quantcast

എന്തു കൊണ്ട് തോറ്റു, മുനവ്വറലി തങ്ങളുടെ പോസ്റ്റിന് താഴെ ലീഗണികളുടെ സ്റ്റഡി ക്ലാസ്

പോസ്റ്റിന് താഴെ ഇതുവരെ ഏഴായിരത്തോളം പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റ് ചെയ്തിട്ടുള്ളത്

MediaOne Logo

abs

  • Published:

    4 May 2021 11:18 AM GMT

എന്തു കൊണ്ട് തോറ്റു, മുനവ്വറലി തങ്ങളുടെ പോസ്റ്റിന് താഴെ ലീഗണികളുടെ സ്റ്റഡി ക്ലാസ്
X

നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ കുറിച്ച് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ ലീഗ് പ്രവർത്തകരുടെ സ്റ്റഡി ക്ലാസ്. മാറിയ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാൻ കഴിയാതെ പോയതാണ് പാർട്ടിക്കേറ്റ തിരിച്ചടിയുടെ കാരണമെന്ന് നിരവധി പേരാണ് ചൂണ്ടിക്കാട്ടിയത്. പാർട്ടിയുടെ സ്ഥാനാർത്ഥി നിർണയം പാളിയെന്നും വിമർശനങ്ങളുണ്ട്.

തെരഞ്ഞെടുപ്പിലെ തോൽവിയും ജയവും ആദ്യ സംഭവമല്ലെന്നും പരാജയങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ട് ഉയിർത്തെഴുന്നേൽക്കുന്നതാണ് മുസ്‌ലിംലീഗിന്റെ ചരിത്രമെന്നുമാണ് തങ്ങൾ കുറിച്ചിരുന്നത്.

'പാർട്ടി സംവിധാനങ്ങളും പ്രവർത്തകരും മികച്ച രീതിയിൽ തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും പ്രവർത്തിച്ചത്. ഇടതു തരംഗത്തിലും അടിയൊഴുക്കുകളിലും ഉലഞ്ഞുപോയി എന്നത് അംഗീകരിക്കുമ്പോൾ തന്നെ പാർട്ടിയുടെ വിജയത്തിനു വേണ്ടി അഹോരാത്രം പ്രവർത്തിച്ചവരുടെ അധ്വാനത്തെ വിലമതിച്ചേ മതിയാകൂ. ഈ സാഹചര്യത്തിൽ എല്ലാ ഉത്തരവാദിത്തവും നേതാക്കളുടെ പിരടിയിൽ വെച്ച് അവരെ വേട്ടയാടുന്നതും ശരിയായ രീതിയല്ല.' എന്നും തങ്ങൾ ന്യായീകരിച്ചിരുന്നു.

എന്നാൽ കമന്റ് ബോക്‌സിൽ വിദ്യാഭ്യാസ ഗവേഷണനായ അഹ്‌മദലി ടിസി പ്രതികരിച്ചത് ഇങ്ങനെയാണ്.

'ഇംഗ്ലീഷും ഹിന്ദിയും ഉർദുവും അനായാസം കൈകാര്യം ചെയ്യുകയും ഡാറ്റകൾ വെച്ച് സംസാരിക്കുകയും ചെയ്യുന്ന പ്രവർത്തകർക്ക് എങ്ങനെയാണ് മുറി ഇംഗ്ലീഷുമായി പാർലിമെന്റിൽ തപ്പി തടയുന്ന ഒരു നേതാവിൽ മതിപ്പുണ്ടാവുക ? അതുകൊണ്ടാണ് മൗഹ മൗഹിത്രയുടെ ക്ലീപ്പുകൾ സ്റ്റാറ്റസ് ആക്കി സ്വന്തം നേതാക്കളോടുള്ള നീരസം പ്രകടിപ്പിക്കുന്ന എം എസ് എഫ് നേതാക്കൾ ഉണ്ടാകുന്നത്. തെരെഞ്ഞെടുത്ത് അയച്ച എം.പി മാരുടെ ഹാജർ നില 50% താഴെയും പെർഫോമൻസ് നില 35% താഴെ ആയിട്ടും അവരെ തന്നെ വീണ്ടും തെരെഞ്ഞെടുക്കാൻ നേതൃത്വം വാശിപിടുക്കുമ്പോൾ അണികൾ എന്താണ് മനസ്സിലാക്കേണ്ടത്?' ചാരിറ്റി മാത്രമല്ല രാഷ്ട്രീയം എന്ന് പറയുന്നവരെ കേൾക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.




'നാം കുറേകൂടി രാഷ്ട്രീയ സാക്ഷരത കൈവരിക്കേണ്ടതുണ്ട്. വായനയും സംവാദവും തീരെ കുറഞ്ഞ അനുഭാവികളും അധികാര മോഹത്താൽ അന്ധത ബാധിച്ച ചില നേതാക്കളും പാർട്ടിക്ക് ബാധ്യതയാവുകയാണ്. നിയമ നിർമ്മാണ സഭകൾക്കകത്ത് മാത്രമല്ല അതിന് പുറത്തും സധൈര്യം രാഷ്ട്രീയം ഉയർത്തിപ്പിടിക്കുക' - ഗവേഷകനായ ഷുക്കൂർ ഉഗ്രപുരം നിരീക്ഷിച്ചത് ഇങ്ങനെയാണ്.

സാമൂഹിക ശാക്തീകരണവും സേവന പ്രവർത്തനങ്ങളും രണ്ടും മൂന്നും സ്ഥാനത്താക്കി ഒന്നാം സ്ഥാനത്ത് രാഷ്ട്രീയപരമായ ശാക്തീകരണം കൊണ്ടുവരണമെന്ന് മുൻ എംഎസ്എഫ് സെക്രട്ടറി സൽമാൻ ഹനീഫ് കുറിച്ചു.



തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള പികെ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനത്തിനെതിരെയും വ്യാപകമായ വിമർശനമാണ് കമന്റ് ബോക്‌സിലുള്ളത്. 'എംപി സ്ഥാനം രാജിവച്ച് കുഞ്ഞാലിക്കുട്ടി മത്സരിക്കാൻ വന്നത് ആദ്യത്തെ തെറ്റ്. കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞിന്റെ പിടിവാശിക്ക് വഴങ്ങി മകന് സീറ്റു കൊടുത്തത് രണ്ടാമത്തെ തെറ്റ്. പേരാമ്പ്രയിൽ അണികൾക്ക് പോലും അറിയാത്ത ഒരു പണച്ചാക്കിന് സീറ്റു കൊടുത്തത് അടുത്ത തെറ്റ്' - എന്നാണ് ഒരാൾ കുറിച്ചത്.

മുനവ്വറി തങ്ങളുടെ പോസ്റ്റിന് താഴെ ഇതുവരെ ഏഴായിരത്തോളം പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും കമന്‍റ് ചെയ്തിട്ടുള്ളത്. അറുനൂറിലേറെ പേർ പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തു.

TAGS :

Next Story