'ഒരു ഗ്രാമം അവിടെ കുടുങ്ങിക്കിടക്കാണ്, അങ്ങോട്ടേക്ക് ഇതുവരെ എത്തിപ്പെടാനായില്ല'; നെഞ്ചുലച്ച് മുണ്ടക്കൈ
അവിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ലെന്ന് രക്ഷാപ്രവര്‍ത്തകര്‍
കൽപ്പറ്റ: വയനാട്ടില്‍ ഉരുള്‍പൊട്ടിലുണ്ടായ മുണ്ടക്കൈയിലേക്ക് ഇതുവരെ എത്തിപ്പെടാൻ സാധിച്ചിട്ടില്ലെന്ന് രക്ഷാപ്രവർത്തകർ. ഉരുൾപൊട്ടലുണ്ടായതറിഞ്ഞ് പുലർച്ചെ മൂന്ന് മണിയോടെ രക്ഷാപ്രവർത്തകർ എത്തിയിരുന്നു. എന്നാൽ അപകടം നടന്ന സ്ഥലത്തേക്ക് പോകാൻ ഒരുമാർഗവുമുണ്ടായിരുന്നില്ലെന്ന് രക്ഷാപ്രവർത്തനം നടത്തുന്നവർ മീഡിയവണിനോട് പറഞ്ഞു.
'അവിടെ എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. ഒരു ഗ്രാമം അവിടെ അങ്ങനെത്തന്നെ കുടുങ്ങിക്കിടക്കുകയാണ്..എന്നാൽ അങ്ങോട്ടേക്ക് പോകാൻ ഒരുവഴിയുമുണ്ടായിരുന്നില്ല. നാലരയോടെയാണ് ആദ്യത്തെ മൃതദേഹം കിട്ടുന്നത്. മണ്ണിൽ നിന്നും,മരത്തിനിടയിൽ നിന്നും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്'. അവസാനം രക്ഷപ്പെടുത്തിയ കുട്ടിക്ക് ജീവനുണ്ടായിരുന്നതായും ഇവർ പറയുന്നു.
ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. അപകടത്തിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്ന് ഇനിയും വ്യക്തമായിട്ടില്ല. ചാലിയാറിൽ നിന്നാണ് പലരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മുണ്ടക്കൈയിൽ ഉരുൾപൊട്ടി ചൂരൽമലയിലേക്ക് മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയായിരുന്നു. നൂറുകണക്കിന് വീടുകളും തോട്ടംതൊഴിലാളികളുടെ പാടികളും ഉള്ള മേഖലയിലാണ് ദുരന്തം നടന്നത്. ട്രീവാലി റിസോർട്ടിൽ ഉൾപ്പെടെ നൂറ്കണക്കിന് നാട്ടുകാർ കുടുങ്ങിക്കിടക്കുകയാണ്. 2019ൽ ഉരുൾപ്പൊട്ടിയ പുത്തുമലയിൽ നിന്ന് രണ്ടുകിലോമീറ്റർ മാറിയാണ് മുണ്ടക്കൈ. എൻഡിആർഎഫ് സംഘം പ്രദേശത്ത് രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. സൈന്യവും ഉടൻ ദുരന്ത മേഖലയിൽ എത്തും.
Adjust Story Font
16