ദുരന്തത്തിൽ പ്രിയപ്പെട്ടവര്‍ക്കൊപ്പം ഒലിച്ചുപോയത് മകളുടെ വിവാഹത്തിനായി സ്വരുക്കൂട്ടിയ രണ്ടേമുക്കാൽ പവനും; നെഞ്ചുപൊട്ടുന്ന വേദനയിൽ സുബൈർ
ഭാര്യയും മക്കളും ഉമ്മയും അടങ്ങുന്ന കുടുംബത്തെ സുബൈർ പോറ്റിയത് തെരുവിൽ പാട്ടുപാടിയാണ്
മുണ്ടക്കൈ :ഉരുൾപൊട്ടലിൽ വീട് തകർന്ന വിഷമത്തിനൊപ്പം മുണ്ടക്കൈ സ്വദേശി സുബൈറിന് നെഞ്ചുലയ്ക്കുന്ന മറ്റൊരു സങ്കടമുണ്ട്. മകൾ ഫിദ ഫാത്തിമയുടെ വിവാഹത്തിനായി ആകെ സ്വരുക്കൂട്ടിവച്ച രണ്ടേ മുക്കാൽ പവനും നഷ്ടപ്പെട്ടു. തെരുവിൽ പാട്ടുപാടി ജീവിക്കുന്ന സുബൈറിന് അപ്പോഴും പ്രിയപ്പെട്ടവർ വിട പറഞ്ഞുപോയതിന്റെ നൊമ്പരം മാത്രമാണ് പറയാനുള്ളത്.
ഉരുൾപൊട്ടലിൽ ജീവിതം തിരിച്ചുകിട്ടിയതിന്‍റെ ആശ്വാസം കൊള്ളാൻ പോലും മുണ്ടക്കൈയിലെ സുബൈറിനും കുടുംബത്തിനും ആകുന്നില്ല. ഉരുള്‍ പൊട്ടുന്ന ദിവസം ബന്ധുവീട്ടിലായതിനാല്‍ മാത്രമാണ് സുബൈറും കുടുംബവും രക്ഷപ്പെട്ടു.എന്നാല്‍ വീടും കൂട്ടുകാരുമടക്കമുള്ള പ്രിയപ്പെട്ടവരും നഷ്ടമായി.
ഭാര്യയും മക്കളും ഉമ്മയും അടങ്ങുന്ന കുടുംബത്തെ സുബൈർ പോറ്റിയത് തെരുവിൽ പാട്ടുപാടിയാണ്. കാഴ്ച പരിമിതിയുള്ള മുത്തു എന്ന സുഹൃത്തും കുടുംബവും സുബൈറും തെരുവിലിറങ്ങി പാടും. അതിൽ നിന്ന് ലഭിച്ച തുച്ഛമായ വരുമാനം കൊണ്ട്, രണ്ടു കുടുംബങ്ങൾ ജീവിച്ചു പോന്നു.
മകൾ ഫിദ ഫാത്തിമയുടെ, വിവാഹം നവംബർ മാസത്തിലേക്കാണ് ഉറപ്പിച്ചത്. പാട്ടുപാടി കിട്ടിയ, ചെറിയ വരുമാനം കൊണ്ട് വിവാഹത്തിനായി രണ്ടേമുക്കാൽ പവൻ സ്വർണം തയ്യാറാക്കി വച്ചു. എന്നാല്‍ കുത്തിയൊലിച്ചുവന്ന ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായെന്ന് കണ്ണീരോടെ സുബൈര്‍ പറയുന്നു.പൊന്നിട്ട് മൂടി മകളെ വിവാഹം കഴിപ്പിക്കാനല്ല, ആവുംവിധം ഒരായുസ്സ് മുഴുവൻ അവൾക്കായി കരുതിവെച്ചതാണ് ആ രണ്ടേ മുക്കാൽ പവൻ, അതിൽ മുഴുവൻ സുബൈറിന്റെ വിയർപ്പ് ഉണ്ടായിരുന്നു.
വിവാഹത്തെക്കുറിച്ച് ഓർത്ത് ഉപ്പയുടെ ഉള്ളു പിടയുമ്പോൾ, ഉമ്മയുടെ നെഞ്ചിടിപ്പേറുമ്പോഴും മകൾ ഫിദക്ക്, അതിലേറെ സങ്കടം, ദുരിതാശ്വാസ ക്യാമ്പിലുള്ളവരെ കുറിച്ച് ഓർത്താണ്. ക്യാമ്പിലെ വോളണ്ടിയർ ആയി പ്രവർത്തിച്ച് ഒപ്പമുള്ളവർക്ക് കരുത്ത് പകരുകയാണ് ഫിദ.സഹായിക്കാനുള്ളവരെല്ലാം മണ്ണിനടിയിൽപ്പെട്ടു, ചേർത്തുനിർത്തിയവരെല്ലാം ഒന്നും പറയാതെ പോയി. എന്തു ചെയ്യണമെന്നറിയാതെ നെഞ്ചുപൊട്ടുകയാണ് സുബൈര്‍.
Adjust Story Font
16