ഒരു ഗ്രാമം ഒന്നാകെ ഒഴുകിപ്പോയി; ഉറ്റവർക്കായി വിങ്ങിപ്പൊട്ടി നാട്
ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 134 പേർ മരിച്ചതായാണ് ഒടുവിൽ വരുന്ന വിവരം.
വയനാട്: മുണ്ടക്കൈയിലെ ദുരന്ത ഭൂമിയിൽനിന്ന് പുറത്തുവരുന്നത് നെഞ്ചുപൊട്ടുന്ന കാഴ്ചകൾ. ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപൊട്ടലിൽ 134 പേർ മരിച്ചതായാണ് ഒടുവിൽ വരുന്ന വിവരം. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് മുണ്ടക്കൈയിൽ ഉണ്ടായത് എന്നാണ് പ്രാഥമിക വിലയിരുത്തൽ. അപകടമുണ്ടായ മുണ്ടക്കൈയിൽനിന്ന് 24 കിലോ മീറ്റർ അകലെ പോത്തുകലിൽ നിന്നാണ് നിരവധി മൃതദേഹങ്ങൾ കണ്ടെത്തിയത്.
മുണ്ടക്കൈ ദുരന്തത്തിലകപ്പെട്ട മനുഷ്യരുടെ ശരീരഭാഗങ്ങൾ ഇരുട്ടുകുത്തി, അമ്പുട്ടാൻപൊട്ടി, കുനിപ്പാല, മച്ചിക്കൈ, ഭൂദാനം, വെള്ളിലമാട്, കമ്പിപ്പാലം തുടങ്ങിയ ചാലിയാറിന്റെ തീരങ്ങളിൽനിന്നാണ് ലഭിച്ചത്. ചൊവ്വാഴ്ച രാവിലെ 7.30 ഓടെ നാലു വയസുകാരിയുടെ മൃതദേഹമാണ് ആദ്യം കിട്ടിയത്. കുത്തൊഴുക്കിലെത്തി കുനിപ്പാല കടവിലടിഞ്ഞ മരക്കമ്പുകൾക്കിടയിലായിരുന്നു കുഞ്ഞശരീരം കണ്ടെത്തിയത്. മൃതദേഹങ്ങൾ ഒഴുകിവരുന്ന വാർത്തയറിഞ്ഞ് പൊലീസും നാട്ടുകാരും പ്രദേശത്തേക്ക് കുതിച്ചെത്തി. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്.
2019 ആഗസ്റ്റ് എട്ടിനാണ് കേരളത്തെ നടുക്കിയ പോത്തുകല്ല് കവളപ്പാറ ഉരുൾപൊട്ടലുണ്ടായത്. 59 പേരാണ് അന്ന് മരിച്ചത്. 48 മൃതദേഹങ്ങൾ കണ്ടെടുത്തു. 11 പേർ ഇപ്പോഴും മണ്ണിനടിയിലാണ്.
Adjust Story Font
16