Quantcast

'മുണ്ടക്കൈയിലേത് സമാനതകളില്ലാത്ത ​ദുരന്തം, എല്ലാവരും രക്ഷാപ്രവർത്തനത്തിന് പിന്തുണ നൽകി': മുഖ്യമന്ത്രി

'ഏകോപനത്തോടെ ഇത് നടത്താനായി എന്നത് നമ്മുടെ നാടിൻ്റെ പ്രത്യേകത'

MediaOne Logo

Web Desk

  • Updated:

    2024-10-14 09:34:58.0

Published:

14 Oct 2024 9:16 AM GMT

Pinarayi Vijayan
X

തിരുവനന്തപുരം: മുണ്ടക്കൈയിലേത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രക്ഷാപ്രവർത്തനത്തിൽ നേതൃത്വപരമായ പങ്ക് എല്ലാവരും വഹിച്ചു. ഏകോപനത്തോടെ ഇത് നടത്താനായി എന്നത് നമ്മുടെ നാടിൻ്റെ പ്രത്യേകതയാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

'ആ​ഗസ്ത് 10നാണ് പ്രധാനമന്ത്രി സ്ഥലം സന്ദർശിക്കുന്നത്. അതിനുമുമ്പ് തന്നെ നാലു മന്ത്രിസഭാംഗങ്ങൾ മന്ത്രിസഭ ഉപസമിതി എന്ന നിലയിൽ കാര്യങ്ങൾ നിർവഹിച്ചിരുന്നു. ഒരു ഘട്ടത്തിൽ എല്ലാ മന്ത്രിമാരും അവിടെയെത്തി. പ്രതിപക്ഷ നേതാവും ഉപ പ്രതിപക്ഷ നേതാവും ആദ്യഘട്ട മുതൽ തന്നെ സ്ഥലം സന്ദർശിച്ചിരുന്നു‌. എല്ലാവരും അവിടെയെത്തി പ്രവർത്തനങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകി'യെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ടൗൺഷിപ്പ് നിർമാണത്തിൽ പ്രതിപക്ഷവുമായി അടുത്ത ദിവസങ്ങളിൽ ചർച്ച നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീണ്ടും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് സഭയിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര സഹായം ലഭിക്കുമെന്നാണ് ശുഭ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരന്തബാധിതരുടെ ലോണുകൾ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് മറുപടി നൽകാൻ കേന്ദ്രത്തോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അടിയന്തര സഹായം നൽകിയതുമായി ബന്ധപ്പെട്ട കണക്കുകൾ കോടതിയെ സമർപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അമിക്കസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിലപാട് സ്വീകരിച്ചത്.

'അധിക സാമ്പത്തിക സഹായം കേന്ദ്രത്തിൽനിന്ന് ഇതുവരെ ലഭിച്ചിട്ടില്ല. ലോകം മുഴുവൻ ശ്രദ്ധിച്ച ദുരന്തത്തിൽ കേന്ദ്രത്തിൽനിന്ന് അധിക സഹായം ലഭിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു. മികച്ച പുനരധിവാസം സാധ്യമാക്കാനാണ് സർവ്വകക്ഷിയോഗം ചേർന്നത്. എല്ലാ കക്ഷികളും യോഗത്തിൽ അഭിനന്ദനാർഹമായ നിലപാട് സ്വീകരിച്ചു. സമഗ്രവും സർവധനസ്പർശിയുമായ പുനരധിവാസമാണ് സർക്കാർ വിഭാവനം ചെയ്യുന്നത്.'- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

'പുനരധിവാസത്തിനുള്ള തുക കിഫ്ബിയിൽ നിന്ന് കണ്ടെത്തും. രണ്ട് ടൗൺഷിപ്പുകളിലുമായി ആയിരം വീടുകൾ പണിയാനാണ് ലക്ഷ്യമിടുന്നത്. പാരിസ്ഥിതിക സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും നിർമാണം നടക്കുക. സർവേ നടപടികൾക്കായി ടെൻഡർ ക്ഷണിച്ചു. ഡിസംബറോടെ ടെൻഡർ നടപടികൾ പൂർത്തീകരിക്കും.'- മുഖ്യമന്ത്രി പറഞ്ഞു.

TAGS :

Next Story