Quantcast

സർവമത പ്രാർഥനയോടെ പ്രിയപ്പെട്ടവർക്ക് യാത്രാമൊഴി ചൊല്ലി നാട്

പുത്തുമലയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനൽകിയ 64 സെന്റ് സ്ഥലത്താണ് കുഴിമാടമൊരുക്കിയത്.

MediaOne Logo

Web Desk

  • Updated:

    2024-08-05 03:18:38.0

Published:

4 Aug 2024 5:06 PM GMT

Mundakkai disaster victims cremation
X

വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത എട്ട് പേർക്ക് നാട് സർവമത പ്രാർഥനയോടെ വിട ചൊല്ലി. പുത്തുമലയിൽ ഹാരിസൺ മലയാളം ലിമിറ്റഡ് സൗജന്യമായി വിട്ടുനൽകിയ 64 സെന്റ് സ്ഥലത്താണ് കുഴിമാടമൊരുക്കിയത്. തിരിച്ചറിയാത്ത മൊത്തം 67 മൃതദേഹങ്ങളാണ് മേപ്പാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നത്. ഇതിൽ അഞ്ച് മൃതദേഹങ്ങൾ കൽപ്പറ്റ പൊതുശ്മശാനത്തിൽ ഇന്നലെ സംസ്‌കരിച്ചിരുന്നു.

മൃതദേഹങ്ങൾക്ക് പുറമെ കൈകാലുകൾ ഉൾപ്പെടെ അമ്പതിലധികം ശരീരഭാഗങ്ങൾക്കും പ്രത്യേകം കുഴിയൊരുക്കുന്നുണ്ട്. സർവമത പ്രാർഥനക്കായി പ്രത്യേക പന്തലും ഒരുക്കിയിരുന്നു. പത്ത് അടിയോളം താഴ്ചയിലാണ് കുഴികൾ ഒരുക്കിയത്. തങ്ങളുടെ പ്രിയപ്പെട്ടവരാണോ തിരിച്ചറിയപ്പെടാതെ പോയവരുടെ കൂട്ടത്തിലുള്ളത് എന്ന ആശങ്കയോടെ നിരവധി പേരാണ് സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സ്ഥലത്ത് എത്തിയത്.

മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയാനുള്ള ശാസ്ത്രീയ പരിശോധനക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരിക്കാൻ തുടങ്ങിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ ദുരന്തമേഖലയിൽനിന്ന് ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡി.എൻ.എ ശേഖരിച്ചിരുന്നു. അടുത്ത ഘട്ടത്തിൽ ഇപ്പോൾ ശേഖരിക്കുന്ന രക്തസാമ്പിളുകളും ഡി.എൻ.എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും. ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. ബിനുജ മെറിൻ ജോയുടെ നേതൃത്വത്തിൽ മേപ്പാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിൾ ശേഖരിക്കുന്നത്.

TAGS :

Next Story