Quantcast

മു​ണ്ടക്കൈ ഉരുള്‍പൊട്ടല്‍; ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളും കണ്ടെടുത്തു

നിലമ്പൂര്‍ മേഖലയില്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെടുത്തത്

MediaOne Logo

Web Desk

  • Updated:

    2024-08-12 14:03:18.0

Published:

12 Aug 2024 2:02 PM GMT

മു​ണ്ടക്കൈ ഉരുള്‍പൊട്ടല്‍; ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളും കണ്ടെടുത്തു
X

കൽപ്പറ്റ: മുണ്ടക്കൈ - ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കുള്ള തെരച്ചിലില്‍ തിങ്കളാഴ്ച ഒരു മൃതദേഹവും 3 ശരീരഭാഗങ്ങളും കണ്ടെടുത്തു. നിലമ്പൂര്‍ മേഖലയില്‍ നടത്തിയ തെരച്ചിലില്‍ ഒരു മൃതദേഹവും ഒരു ശരീരഭാഗവും വയനാട്ടിലെ കാന്തന്‍പാറയ്ക്ക് സമീപത്തെ ആനടിക്കാപ്പില്‍ നിന്നും രണ്ട് ശരീര ഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇതുവരെ 231 മൃതദേഹങ്ങളും 205 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നിലമ്പൂരില്‍ നിന്നും ഒരു മൃതദേഹം കണ്ടെത്തിയിരുന്നു.

എന്‍.ഡി.ആര്‍.എഫ്, ഫയര്‍ഫോഴ്‌സ്, സിവില്‍ ഡിഫന്‍സ്, പോലീസ്, വനംവകുപ്പ് തുടങ്ങിയ സേനാവിഭാഗങ്ങൾ തെരച്ചിലിന് നേതൃത്വം നല്‍കി. 236 സന്നദ്ധ സേവകരാണ് തിങ്കളാഴ്ച മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ തെരച്ചിലിനായി ചൂരല്‍മല കണ്‍ട്രോള്‍ റൂമില്‍ രജിസ്റ്റര്‍ ചെയ്തത്. പ്രധാനമായും മുണ്ടക്കൈയിലെയും ചൂരല്‍മല പ്രദേശങ്ങളിലായിരുന്നു സന്നദ്ധ പ്രവര്‍ത്തകരെ തെരച്ചിലിനായി നിയോഗിച്ചത്. ചൂരല്‍മല പാലത്തിന് താഴെ ഭാഗത്ത് വനത്തിലൂടെ ഒഴുകുന്ന പുഴയുടെ തീരങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന മുന്നേറി. അത്യധികം ദുഷ്‌കരമായ മേഖലയില്‍ വനപാലകരും വിവിധ സേനാവിഭാഗങ്ങളും പ്രദേശം പരിചയമുള്ള സന്നദ്ധ സേവകരും ചേര്‍ന്നാണ് തെരച്ചില്‍ നടത്തിയത്.

മലപ്പുറം ജില്ലയിലെ ചാലിയാറില്‍ വിശദമായ തെരച്ചില്‍ ഇന്നും (ചൊവ്വ) തുടരും. മുണ്ടേരി ഫാം മുതല്‍ പരപ്പാന്‍പാറ വരെയുള്ള അഞ്ചു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് പരിശോധനകള്‍ പൂര്‍ത്തിയാക്കുക. എന്‍.ഡി.ആര്‍.എഫ്, അഗ്നിരക്ഷാ സേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, വനംവകുപ്പ് സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമാണ് ഇവിടെ തെരച്ചിലിന് നേതൃത്വം നല്‍കുന്നത്. വൈദഗ്ധ്യം ആവശ്യമായതിനാല്‍ ചാലിയാര്‍ പുഴ കേന്ദ്രീകരിച്ചുള്ള തെരച്ചിലിലിന് സന്നദ്ധ പ്രവര്‍ത്തകരെ അനുവദിച്ചിരുന്നില്ല.

TAGS :

Next Story