Quantcast

'കമ്പിയിൽ പിടിച്ചുതൂങ്ങി നമ്മൾ ഒമ്പതുപേർ... ദൈവത്തെ മാത്രം വിളിച്ച് മൂന്ന് മണിക്കൂർ, രക്ഷയായത് ഒരു തെങ്ങ്'

അവിശ്വസനീയമായ രക്ഷപ്പെടലുകളുടെ കഥയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഓരോരുത്തർക്കും പറയാനുള്ളത്.

MediaOne Logo

Web Desk

  • Updated:

    2024-08-02 09:41:51.0

Published:

2 Aug 2024 6:36 AM GMT

കമ്പിയിൽ പിടിച്ചുതൂങ്ങി നമ്മൾ ഒമ്പതുപേർ... ദൈവത്തെ മാത്രം വിളിച്ച് മൂന്ന് മണിക്കൂർ, രക്ഷയായത് ഒരു തെങ്ങ്
X

വയനാട്: ഒരായുഷ്കാലം മുഴുവൻ സമ്പാദിച്ചതെല്ലാം കണ്‍മുന്നിൽ ഒലിച്ചുപോകുമ്പോൾ ജീവൻ മുറുകെപ്പിടിച്ചുള്ള മരണപ്പാച്ചിൽ നടുക്കത്തോടെ ഓർക്കുകയാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർ. അവിശ്വസനീയമായ രക്ഷപ്പെടലുകളുടെ കഥയാണ് അവർ ഓരോരുത്തർക്കും പറയാനുള്ളത്. ദൈവത്തെ മാത്രം വിളിച്ച്, ഒരു സഹായ ഹസ്തത്തിന് കാത്ത് ഉറ്റവരെയും മുറുകെപ്പിടിച്ച് തള്ളിനീക്കിയ ആ രാത്രി വേദനയോടെ മാത്രമേ അവർക്ക് ഓർക്കാൻ സാധിക്കുന്നുള്ളൂ.

'ഒരു കമ്പിയിൽ പിടിച്ചുതൂങ്ങി മൂന്നരമണിക്കൂറാണ് നിന്നത്. ഒരു കുട്ടിയും ഒമ്പതാളുകളും. ദൈവത്തെ മാത്രമാ വിളിച്ചത്, വേറൊന്നും ഞങ്ങൾ സംസാരിച്ചില്ല. ഇപ്പോൾ ജീവൻ പോകും എന്നുതന്നെയാ കരുതിയത്. കണ്‍മുന്നിൽ എല്ലാം ഒലിച്ചുപോവുകയായിരുന്നു. നെഞ്ചിനടുത്തോളം വെള്ളംകയറി. നാല് ഭാഗത്തും കല്ലും മണ്ണും വെള്ളവുംകൊണ്ട് നിറഞ്ഞു. ഓടിയാലൊന്നും രക്ഷപ്പെടാൻ പറ്റില്ലായിരുന്നു. പിടിച്ചുതൂങ്ങി നിന്ന കമ്പിയും വീടും മറിഞ്ഞ് വീഴാൻ പോയപ്പോഴാണ് പെട്ടെന്ന് ഒരു വലിയ തെങ്ങ് വന്ന് ചാഞ്ഞത്. അത് വീട് താങ്ങിനിർത്തി. ആ തെങ്ങിനാണ് നന്ദി പറയേണ്ടത്... അതുകൊണ്ടാണ് രക്ഷപ്പെട്ടത്'- അത്ഭുതകരമായി ജീവൻ നിലനിർത്തിയതിനെക്കുറിച്ച് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഓരാൾക്ക് പറയാനുള്ളത് ഇങ്ങനെയാണ്.

ഉരുൾപൊട്ടലുണ്ടായ ദിവസത്തെക്കുറിച്ചോർക്കുമ്പോൾ പലർക്കും വാക്കുകൾ മുഴുമിപ്പിക്കാനാകുന്നില്ല. ഉറ്റവരെയും ഉടയവരെയും നഷ്ടമായതിനൊപ്പം ഒരു ഗ്രാമമാകെ നാമാവശേഷമായതിൽ വലിയ സങ്കടവും നോവുമാണ് അവർ പങ്കുവെക്കുന്നത്.

ഉരുൾപൊട്ടൽ ഏറ്റവും ആഘാതമുണ്ടാക്കിയ ചൂരൽമലയിൽ നാലാം ദിവസവും രക്ഷാദൗത്യം തുടരുകയാണ്. മണ്ണിനടിയിൽ ഇനിയാരെങ്കിലും ബാക്കിയുണ്ടോ എന്ന പരിശോധനയാണ് നടത്തുന്നത്. പ്രദേശവാസികളുടെ കൂടി സഹായത്തോടെയാണ് തിരിച്ചിൽ. അതേസമയം, ഉരുൾപൊട്ടലിൽ അവശേഷിച്ച അപൂർവം വീടുകളുടെ അവസ്ഥയും അതീവ ദയനീയമാണ്. ഒരാൾപൊക്കത്തിലാണ് ബാക്കിയായ വീടുകളിൽ മലവെള്ളം കയറിയിറങ്ങിയത്.

TAGS :

Next Story