ചൂരൽമലയേക്കാൾ ഭീകരം മുണ്ടക്കൈ; ഒരു ഗ്രാമം മാഞ്ഞുപോയതിന്റെ ദൃശ്യങ്ങൾ
വീടുകൾ മണ്ണിനടിയിലേക്ക് താഴ്ന്നുപോയതിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്.
വയനാട്: കഴിഞ്ഞ ദിവസം ചൂരൽ മലയിൽ കണ്ടതിനെക്കാൾ ഭീകരമായ ദൃശ്യങ്ങളാണ് ഇന്ന് മുണ്ടക്കൈയിൽനിന്ന് പുറത്തുവരുന്നത്. മുണ്ടക്കൈ ആണ് ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം. അവിടെ ഇരുനൂറോളം വീടുകളുണ്ടായിരുന്നു. ഒരു പച്ചപ്പ് പോലും അവശേഷിപ്പിക്കാതെയാണ് മലവെള്ളപ്പാച്ചിൽ ഒരു നാടിനെ മൂടിക്കളഞ്ഞത്.
നിരവധി മൃതദേഹങ്ങൾ മണ്ണിനടയിൽ ഉണ്ടെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. വീടുകൾ മണ്ണിനടിയിലേക്ക് താഴ്ന്നുപോയതിന്റെ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ്. കാല് കുത്തിയാൽ കുഴിഞ്ഞ് താഴേക്ക് പോകുന്ന അവസ്ഥയാണ്. റൂഫ് നീക്കി കോൺക്രീറ്റ് പൊളിച്ചുവേണം ഓരോ വീട്ടിനുള്ളിലുമുള്ള ആളുകളെ പുറത്തെടുക്കാൻ.
19 പേരെയാണ് ഇന്ന് രക്ഷപ്പെടുത്തിയത്. മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്തു. മരിച്ചവരിൽ മൂന്ന് നേപ്പാൾ സ്വദേശികളുമുണ്ട്. 115 പേർ മരിച്ചതായാണ് ഏറ്റവും അവസാനം പുറത്തുവരുന്ന വിവരം. മലപ്പുറം ജില്ലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി മേപ്പാടിയിലേക്ക് കൊണ്ടുവരും. ബോഡി തിരിച്ചറിയാനായി ബന്ധുക്കൾ മലപ്പുറത്തേക്ക് പോവേണ്ടതില്ലെന്ന് കലക്ടർ പറഞ്ഞു. പോസ്റ്റുമോർട്ടം നടപടികൾ വേഗത്തിലാക്കാൻ തൃശൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ള ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.
Adjust Story Font
16