മുണ്ടക്കൈ പുനരധിവാസം; കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഗുരുതര വീഴ്ച, വിമർശനവുമായി വി.ഡി സതീശൻ
പ്രത്യേക പാക്കേജ് നൽകാൻ കേന്ദ്രം തയ്യാറാകാത്തത് കേരളത്തോടുള്ള കടുത്ത അനീതിയാണെന്നും വ്യക്തമായ കണക്ക് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകാത്തത് ഗുരുതരമായ കുറ്റമാണെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു
തിരുവനന്തപുരം: മുണ്ടക്കൈ പുനരധിവാസത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇരു സർക്കാരുകൾ പുനരധിവാസ പ്രവർത്തനങ്ങളെ ലാഘവത്തോടെയാണ് കാണുന്നത്. പ്രത്യേക പാക്കേജ് നൽകാൻ കേന്ദ്രം തയ്യാറാകാത്തത് കേരളത്തോടുള്ള കടുത്ത അനീതിയാണെന്നും വ്യക്തമായ കണക്ക് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകാത്തത് ഗുരുതരമായ കുറ്റമാണെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു.
വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഗുരുതര വീഴ്ചയ്ക്ക് തെളിവാണ് ഹൈക്കോടതി വിമർശനം. വയനാട് ദുരന്തം നടന്ന് നാലു മാസം കഴിഞ്ഞിട്ടും ദുരന്തത്തെ എൽ-3 വിഭാഗത്തിൽ ഉൾപ്പെടുത്തി പ്രത്യേക പാക്കേജ് നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകാത്തത് കേരളത്തോടുള്ള കടുത്ത അനീതിയാണ്. പുനരധിവാസത്തിന് എത്ര തുക വേണ്ടിവരുമെന്നും നിലവിലെ ദുരന്തനിവാരണ ഫണ്ടിൽ നിന്നും എത്ര തുക ഉപയോഗിക്കാൻ സാധിക്കുമെന്നും ഉൾപ്പെടെ വ്യക്തമായ കണക്ക് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ നൽകാത്തത് ഗുരുതരമായ കുറ്റമാണ്. ഇത് സംബന്ധിച്ച കോടതി വിമർശനം സംസ്ഥാന സർക്കാരിന്റെ ആത്മാർഥതയില്ലായ്മയാണ് തെളിയിക്കുന്നത്.
പുനരധിവാസത്തിനായി ഭൂമി പോലും കണ്ടെത്താൻ കഴിയാത്തത് സംസ്ഥാന സർക്കാരിന്റെ വലിയ വീഴ്ചയാണ്. ഇതേ തുടർന്ന് കർണാടക സർക്കാരടക്കം വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങൾ വൈകുകയാണ്. വീഴ്ചകൾ പരിഹരിച്ച് വയനാട്ടിലെ പാവപ്പെട്ട ജനങ്ങളുടെ പുനരധിവാസം വേഗത്തിലാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ഇനിയെങ്കിലും നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് വാർത്താക്കുറിപ്പിൽ ചൂണ്ടിക്കാട്ടി.
മുണ്ടക്കൈ പുനരധിവാസത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അലംഭാവം കാട്ടുകയാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ആരോപിച്ചു. പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്‌സ് അസസ്‌മെന്റ് റിപ്പോര്‍ട്ട് വൈകിയതിന്റെ പേരിലാണ് കേന്ദ്രസഹായത്തിൽ തീരുമാനമാകാത്തതെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന മനുഷ്യത്വ രഹിതമാണ്. എസ്ഡിആര്‍എഫില്‍ നിന്ന് എത്ര തുകയാണ് മുണ്ടക്കൈ പുനരധിവാസത്തിന് ചെലവാക്കേണ്ടത് എന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് ധാരണയില്ലാത്തത് ദുരന്തബാധിതരെ അപമാനിക്കുന്നതിന് തുല്യമാണെന്നും സുധാകരൻ ആരോപിച്ചു.
Adjust Story Font
16