മൂന്നാർ ടൗണിലെ ഒന്നര ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ ജില്ലാ കലക്ടറുടെ ഉത്തരവ്
വ്യാജ രേഖകൾ ഉപയോഗിച്ചാണ് പട്ടയം നേടിയതെന്ന പരാതിയിലാണ് നടപടി. ഉത്തരവിന്‍റെ പകർപ്പ് മീഡിയാ വണിന് ലഭിച്ചു.
ഇടുക്കി: മൂന്നാർ ടൗണിലെ ഒന്നര ഏക്കർ ഭൂമി തിരിച്ചു പിടിക്കാൻ ഇടുക്കി ജില്ലാ കലക്ടറുടെ ഉത്തരവ്. നാലു പട്ടയങ്ങൾ റദ്ദാക്കിയ സബ് കലക്ടറുടെ നടപടി ശരി വച്ചു. 11 പട്ടയങ്ങൾ കൂടി പരിശോധിച്ച് നടപടിയെടുക്കാൻ കലക്ടർ സബ് കലക്ടർക്ക് നിർദ്ദേശം നൽകി. വ്യാജ രേഖകൾ ഉപയോഗിച്ചാണ് പട്ടയം നേടിയതെന്ന പരാതിയിലാണ് നടപടി. ഉത്തരവിന്‍റെ പകർപ്പ് മീഡിയാ വണിന് ലഭിച്ചു.
മൂന്നാർ സ്വദേശി മരിയ ദാസ് എന്നയാൾ കൈവശം വച്ച ഭൂമിയാണ് തിരിച്ചു പിടിക്കാന്‍ ഉത്തരവിട്ടത്. കാർഷികാവശ്യങ്ങൾക്ക് സര്‍ക്കാര്‍ വിട്ടുനൽകിയ ഭൂമി ബന്ധുക്കളുടേയും ജോലിക്കാരുടേയും പേരിൽ ഇയാള്‍ കൈവശം വച്ചിരിക്കുകയായിരുന്നു.
അനധികൃതമായാണ് ഇയാൾ ഭൂമി കൈവശം വച്ചിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടി മൂന്നാർ സ്വദേശിയായ ബിനു പാപ്പച്ചൻ എന്നയാൾ നേരത്തേ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്ന് ഹൈക്കോടതിയിലും പരാതി നൽകിയിരുന്നു.
വിഷയത്തില്‍ രേഖകള്‍ പരിശോധിച്ച് സബ് കലക്ടര്‍ സമര്‍പ്പിച്ച റിപ്പോർട്ട് ശരിവച്ചുകൊണ്ടാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. നാല് പേരുടെ പേരിലാണ് മരിയ ദാസ് ഈ ഭൂമിയുടെ പട്ടയങ്ങൾ നേടിയത്. പട്ടയം നേടാൻ വ്യാജരേഖകൾ സംഘടിപ്പിച്ചിരുന്നുവെന്നും സബ് കലക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Adjust Story Font
16