ആറുമാസം മുമ്പ് മർദിച്ചതിന്റെ പ്രതികാരം; ഗുണ്ട മണിച്ചന്റെ കൊലപാതകം ആസൂത്രിതം
മദ്യപിച്ച് ലക്കുകെട്ടപ്പോൾ പ്രതികൾ തലയ്ക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു
തിരുവനന്തപുരം: തലസ്ഥാനത്ത് കൊലക്കേസ് പ്രതിയായ മണിച്ചൻ എന്ന വിഷ്ണുവിന്‍റെ കൊലപാതകം ആസൂത്രിതം. പ്രതികളായ മണികണ്‌ഠേശ്വരം സ്വദേശി ദീപക് ലാൽ, വട്ടിയൂർക്കാവ് സ്വദേശി അരുൺ ജി.രാജ് എന്നിവരാണ് വിഷ്ണുവിനെ തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇരുവരെയും ആറു മാസം മുൻപ് മർദിച്ചതിന്റെ പ്രതികാരമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
മദ്യപിച്ച് ലക്കുകെട്ടപ്പോള്‍ ചുറ്റികകൊണ്ട് തലയ്ക്കടിച്ചാണ് വിഷ്ണുവിനെ കൊന്നത്. കൊലപ്പെടുത്താൻ ഉറപ്പിച്ചാണ് ദീപക് ലാലും അരുൺ ജി രാജും ലോഡ്ജിൽ എത്തിയത്.അരുൺ ജി രാജ് ചുറ്റികയുമായാണ് എത്തിയത്. ആറ് മാസം മുമ്പും പ്രതികൾ തമ്മിലടിച്ചിരുന്നു.
പ്രതികളും കൊല്ലപ്പെട്ടയാളും ഗുണ്ടാ ലിസ്റ്റിൽ പെട്ടവരാണ്. പ്രതികൾ മരിച്ച വിഷ്ണുവിനൊപ്പമിരുന്ന് മദ്യപിച്ച ശേഷമാണ് ആക്രമണം നടത്തിയത്. പരിക്കേറ്റ ഹരികുമാറാണ് ലോഡ്ജിൽ മുറിയെടുത്തതെന്നും റൂമിൽ മദ്യപാനം പതിവായിരുന്നെന്നും റൂറൽ എസ്.പി ദിവ്യ ഗോപിനാഥ് പറഞ്ഞു.
പരിക്കേറ്റ തിരുമല സ്വദേശി ഹരികുമാർ ചികിത്സയിലാണ്. ഇന്നലെ രാത്രി ഒമ്പതുമണിക്കാണ് തിരുവനന്തപുരം പേരൂർക്കടയ്ക്ക് സമീപത്തെ വഴയിലയിലെആറാം കല്ലിലെ ലോഡ്ജിലായിരുന്നു ആക്രമണം. മരിച്ച മണിച്ചന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇയാളെ തിരുവനന്തരപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് മണിച്ചൻ മരിക്കുന്നത്. ഇവരെ നഗരത്തിൽ നിന്ന് തന്നെയാണ് പിടികൂടിയത്. 2011 ൽ നടന്ന ഇരട്ടക്കൊലപാതക കേസിലെ പ്രതിയാണ് വിഷ്ണു. അരുവിക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.
Adjust Story Font
16