താനൂർ കസ്റ്റഡി മരണം; കേസിൽ കൊലപാതകക്കുറ്റം ചുമത്തി
അസ്വാഭാവിക മരണത്തിനാണ് നേരത്തേ കേസെടുത്തത്, കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്തിട്ടില്ല
താനൂർ: താനൂർ കസ്റ്റഡി മരണക്കേസിൽ കൊലപാതകക്കുറ്റം ചുമത്തി. ക്രൈംബ്രാഞ്ചാണ് കുറ്റം ചുമത്തിയത്. നേരത്തേ അസ്വാഭാവിക മരണത്തിനായിരുന്നു കേസ്. കേസിൽ പൊലീസ് ഉദ്യോഗസ്ഥരെ പ്രതി ചേർത്തിട്ടില്ല.
കേസന്വേഷണ രേഖകൾ തിരൂർ കോടതിക്ക് കൈമാറിയിട്ടുണ്ട്. കേസ് പരപ്പനങ്ങാടി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റും.
പൊലീസിന്റെ മർദനം കാരണമായാണ് താമിർ ജിഫ്രി മരണപ്പെട്ടതെന്ന രീതിയിലാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നിട്ടുള്ളത്. ഇത് പൊലീസിനെയും ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യ മന്ത്രിയെയും വലിയ രീതിയിൽ പ്രതിസന്ധിയിലാക്കിയിരുന്നു. തലക്കേറ്റ ക്ഷതവും ഹൃദയത്തിലെ പരിക്കുമാണ് താമിറിന്റെ മരണകാരണമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
ശരീരത്തിൽ ഇരുമ്പുദണ്ഡ് കൊണ്ടും വടികൊണ്ടും മർദിച്ച പാടുകളുണ്ട്. 21 മുറിവുകളിൽ 19 എണ്ണം മർദനത്തെ തുടർന്ന് ഉണ്ടായത്, വടികൊണ്ടുള്ള മർദനത്തിൽ ആന്തരവയവങ്ങൾക്കും പരിക്കേറ്റു. താമിർ ജിഫ്രി മരിച്ച് 12 മണിക്കൂറിന് ശേഷമാണ് പോസ്റ്റ്മോർട്ടത്തിനായി എത്തിച്ചത്. അതുവരെ മൃതദേഹം ഫ്രീസറിൽ സൂക്ഷിക്കാത്തത് വീഴ്ച്ചയാണെന്നും പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നു.
Adjust Story Font
16