Quantcast

പൂജപ്പുരയില്‍ കൊലക്കേസ് പ്രതി തടവു ചാടിയ സംഭവം; അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർക്ക് സസ്പെന്‍ഷന്‍

വകുപ്പുതല അന്വേഷണത്തിന് ജയിൽ മേധാവി ഉത്തരവിട്ടു

MediaOne Logo

Web Desk

  • Published:

    7 Sep 2021 2:21 PM GMT

പൂജപ്പുരയില്‍ കൊലക്കേസ് പ്രതി തടവു ചാടിയ സംഭവം; അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർക്ക് സസ്പെന്‍ഷന്‍
X

പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് ഒരാള്‍ തടവുചാടിയ സംഭവത്തില്‍ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ അമലിനെ സസ്പെൻഡ് ചെയ്തു. വകുപ്പുതല അന്വേഷണത്തിന് ജയിൽ മേധാവി ഉത്തരവിടുകയും ചെയ്തു.

കൊലക്കേസ് പ്രതിയായ തൂത്തുകുടി സ്വദേശി ജാഹിർ ഹുസൈനാണ് ജയില്‍ചാടിയത്. ഇന്നു രാവിലെയായിരുന്നു സംഭവം. ജയിൽ വളപ്പിലെ അലക്ക് പുരയിൽ ജോലിക്ക് പോയ തടവുകാർക്കൊപ്പം ജാഹിർ ഹുസൈനും ഉണ്ടായിരുന്നു. ജയിലിന്‍റെ പിറകുവശത്ത് സ്ഥിതി ചെയ്യുന്ന അലക്കുപുരയ്ക്ക് ചുറ്റുമതിലില്ലാത്തതാണ് ജാഹിർ ഹുസൈന് രക്ഷപ്പെടാൻ സഹായകമായത്.

അലക്കുപുരയ്ക്ക് സമീപത്തുകൂടി റോഡിലേക്ക് ഇറങ്ങിയ ഇയാള്‍, വസ്ത്രം മാറി, ജംഗ്ഷനിലുള്ള കടയിൽ നിന്ന് സിഗരറ്റ് വാങ്ങിയ ശേഷം ഓട്ടോ പിടിച്ച് തമ്പാനൂർ ഭാഗത്തേക്ക് പോയതായും പൊലീസിന് സൂചന ലഭിച്ചിരുന്നു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ നിന്ന് ജാഹിർ കളിയിക്കാവിളയിലേക്കുള്ള ബസ്സിൽ കയറിയതായാണ് നിഗമനം.

2004ൽ ഫോർട്ട് പൊലീസ് രജിസ്റ്റർ ചെയ്ത കൊലപാതക കേസിലാണ് ജാഹിർ ഹുസൈൻ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടത്. 2017ല്‍ സെൻട്രൽ ജയിലിലെത്തിയ ഇയാള്‍, കഴിഞ്ഞ രണ്ടു വർഷമായി അലക്കുപുരയിൽ ജോലി ചെയ്തുവരികയാണെന്ന് ജയിൽ അധികൃതർ പറഞ്ഞു. ജയിൽ വകുപ്പും പൊലീസും തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

TAGS :

Next Story