ലാത്വിയൻ യുവതിയുടെ കൊലപാതകം; ശിക്ഷാവിധി നാളെ
പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം
തിരുവനന്തപുരം: കോവളത്ത് വിദേശ വനിതയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി നാളെ. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. 2018- ല്‍ നടന്ന കൊലപാതകത്തില്‍ തിരുവല്ലം സ്വദേശികളായ ഉമേഷ്, ഉദയൻ എന്നിവരാണ് പ്രതികള്‍. ഇവർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ വിധിച്ചിരുന്നു.
എന്നാല്‍ പ്രതികളുടെ കുറഞ്ഞ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടു. പ്രതികൾക്ക് നല്ല ജീവിതത്തിലേക്കുള്ള മടങ്ങിവരവിന് അവസരം ഒരുക്കണമെന്നും പ്രതികളുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. അപൂർവങ്ങളില്‍ അപൂർവമായ കേസാണിതെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. കൊല്ലപ്പെട്ടത് വിദേശ വനിത എന്നതിനപ്പുറം കൊലപാതകത്തിന്റെ ക്രൂരത വിവരിച്ചാണ് കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന കാര്യത്തിൽ കൃത്യമായ നിലപാട് പ്രോസിക്യൂഷനെടുത്തില്ല. കേസ് പരിഗണിച്ച ഉടനെ വധശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കുറ്റബോധം ഉണ്ടോയെന്നും ജഡ്ജി കെ സനിൽകുമാർ പ്രതികളോട് ചോദിച്ചു. ഇരു ഭാഗങ്ങളുടെയും അവസാന വാദം കേട്ട കോടതി നാളെ ശിക്ഷാ വിധി പറയാൻ മാറ്റുകയായിരുന്നു.
ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ സാഹചര്യ തെളിവുകൾ നിരത്തിയാണ് പ്രോസിക്യൂഷൻ പ്രതികൾക്ക് ശിക്ഷ ഉറപ്പാക്കിയത്. പ്രതികൾ മാത്രം എത്തുന്ന ഒറ്റപ്പെട്ട സ്ഥലത്ത് യുവതിയെ എത്തിച്ചത് ഉദയനും ഉമേഷുമാണെന്ന വാദം കോടതി അംഗീകരിക്കുകയായിരുന്നു.
പ്രതികൾ ടൂറിസ്റ്റ് ഗൈഡെന്ന വ്യാജേനെ ലഹരി മരുന്ന് നൽകാമെന്ന് പറഞ്ഞു വിദേശ വനിതയെ കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി എന്നാണ് കേസ്. ആദ്യഘട്ടത്തിൽ കേസ് കാര്യക്ഷമമായി അന്വേഷിക്കാൻ പൊലീസ് തയ്യാറായിരുന്നില്ല. പിന്നീട് കൊല്ലപ്പെട്ട യുവതിയുടെ സഹോദരി കേസ് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ അടക്കം കണ്ട് പരാതി നൽകുകയായിരുന്നു. രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെട്ട കേസിൽ കൊലപാതകം നടന്ന് നാലര വർഷമാകുമ്പോഴാണ് വിധി പുറപ്പെടുവിക്കുന്നത്.
2018 മാർച്ച് 14നാണ് തിരുവനന്തപുരം പോത്തൻകോട് എത്തിയ ലാത്വിയൻ യുവതിയെ കാണാതാകുന്നത്. 37 ദിവസങ്ങൾക്ക് ശേഷം കോവളം പനത്തുറയിലെ കണ്ടൽക്കാട്ടിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വിഷാദ രോഗത്തിന് ചികിത്സയ്ക്ക് എത്തിയ യുവതിയെ കോവളത്തിന് സമീപം കണ്ടൽകാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് പിന്നീട് കണ്ടെത്തി. ദൃക്‌സാക്ഷികൾ ഇല്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 18 സാഹചര്യത്തെളിവുകളും 30 സാക്ഷിമൊഴികളുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കും ഫോറൻസിക് വിഭാഗം ജീവനക്കാർക്കും ഇന്ന് പൊലീസ് ആസ്ഥാനത്ത് ഡിജിപി പ്രശസ്തിപത്രം സമ്മാനിക്കും.
കേസിന്‍റെ നാള്‍വഴി
2018 മാർച്ച് 14
വിദേശ വനിതയെ കാണാതാവുന്നു
മാർച്ച് 16
സഹോദരി മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകി
മാർച്ച് 23
ഡിജിപി പ്രത്യേക അന്വേഷണ സംഘം രൂപീകിച്ചു
മാർച്ച് 28
ഹൈക്കോടതിയിൽ ഹെബിയസ് കോർപസ് ഫയൽ ചെയ്തു
ഏപ്രിൽ 20
കൂനംതുരുത്തിലെ കൽകാട്ടിൽ ജീർണിച്ച മൃതദേഹം കണ്ടെത്തി
ഏപ്രിൽ 21
ആത്മഹത്യയാണെന്ന് പാെലീസ് നിഗമനം സഹോദരി തള്ളി
മെയ് 2
മുഖ്യമന്ത്രി പിണറായി വിജയനുമായി സഹോദരി കൂടിക്കാഴ്ച നടത്തി
മെയ് 3
മുഖ്യപ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് രേഖപ്പെടുത്തി
ജൂൺ 1
വിചാരണ നടപടികൾ ആരംഭിച്ചു
ജൂൺ 2
പ്രതികൾ കുറ്റക്കാരെന്ന് കോടതി
ആഗസ്ത് 3
പൊലീസ് കുറ്റപത്രം കോടതിയിൽ സമർപ്പിക്കാൻ വൈകിയതോടെ കേസിലെ പ്രതികൾക്ക് ജാമ്യം
ആഗസ്ത് 29
കേസിലെ അന്തിമ കുറ്റപത്രം അന്വേഷണ ഉദ്യേഗസ്ഥർ കോടതിയിൽ സമർപ്പിച്ചു
2021 സെപ്തംബർ 15
നീതി തേടി സഹോദരി വീണ്ടും കേരളത്തിലെത്തി
ഒക്ടോബർ 20
വിചാരണാ നടപടികൾ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ലാത്വിയൻ എംബസി മുഖ്യമന്ത്രിക്കും വിദേശകാര്യ മന്ത്രാലയത്തിനും കത്തയച്ചു.
2022 ഡിസംബർ 6
ശിക്ഷാവിധി
Adjust Story Font
16