മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകം; നിർണായക തെളിവായ ഹാർഡ് ഡിസ്‌ക് കണ്ടെത്തി
ജോർജ് നടത്തിയിരുന്ന പുതുവേലിൽ സ്റ്റോഴ്‌സ് എന്ന കടയ്ക്കുള്ളിലെ സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌ക് ആണ് ലഭിച്ചിരിക്കുന്നത്
പത്തനംതിട്ട: മൈലപ്രയിലെ വ്യാപാരിയുടെ കൊലപാതകത്തിൽ നിർണായക തെളിവ് ആയ സിസിടിവി ഹാർഡ് ഡിസ്‌ക് അച്ചൻകോവിൽ ആറ്റിൽ നിന്ന് പോലീസ് കണ്ടെടുത്തു. കൊല നടത്തിയ പ്രതികൾ ഹാർഡ് ഡിസ്‌കും എടുത്ത് കൊണ്ട് പോയിരുന്നു. വലഞ്ചുഴി ഭാഗത്തു ആറ്റിൽ എറിഞ്ഞെന്ന സംശയത്തിൽ മൂന്നു ദിവസം ആയി ഡിവൈഎസ്പി യും സംഘവും നടത്തിയിരുന്ന തെരച്ചിലിൽ ഇന്ന് ഉച്ചയോടു കൂടിയാണ് ഹാർഡ് ഡിസ്‌ക് കണ്ടെത്തിയത്.
കേസിൽ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ഹാർഡ് ഡിസ്‌ക് ആറ്റിലെറിഞ്ഞെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. തുടർന്നാണ് അച്ചൻകോവിലാറ്റിൽ വലംചുഴി ഭാഗത്ത് പൊലീസ് തെരച്ചിലാരംഭിച്ചത്. കേസിൽ നിർണായക വിവരങ്ങൾ ലഭിക്കാനുള്ള പ്രധാന തെളിവാണ് ഹാർഡ് ഡിസ്‌ക്. ജോർജ് നടത്തിയിരുന്ന പുതുവേലിൽ സ്റ്റോഴ്‌സ് എന്ന കടയ്ക്കുള്ളിലെ സിസിടിവി ക്യാമറയുടെ ഹാർഡ് ഡിസ്‌ക് ആണ് ലഭിച്ചിരിക്കുന്നത്. സംഭവത്തിന് പിന്നാലെ പ്രതികൾ ഈ ഹാർഡ് ഡിസ്‌ക് എടുത്തിരുന്നതിൽ കൊല നടന്നതെങ്ങനെയെന്ന് പൊലീസിന് കൃത്യമായി മനസ്സിലാക്കാനായിരുന്നില്ല. മറ്റ് കടകളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് മരണം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിക്കുന്നത്.
ഡിസംബർ 30ന് വൈകിട്ടാണ് ജോർജ്ജിനെ കടയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിലായിരുന്നു മൃതദേഹം. കൈലി മുണ്ടുകളും ഷർട്ടും ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണ് പ്രതികൾ ജോർജിനെ കൊന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. കൊലപാതകത്തിന് പിന്നാലെ ജോർജ്ജിന്റെ മാലയും പണവും പ്രതികൾ കവർന്നിരുന്നു. കൊടുംകുറ്റവാളികളായ മദ്രാസ് മുരുകൻ, സുബ്രഹ്മണ്യൻ എന്നിവർക്ക് പുറമേ വലംചുഴി സ്വദേശികളായ ഹരീബ്, നിയാസ് എന്നിവർ പിടിയിലായിട്ടുണ്ട്.
Adjust Story Font
16