Quantcast

'കല്യാണവീട്ടിൽ കൊച്ചുകൊച്ചു കാര്യങ്ങളൊക്കെ ഉണ്ടാകാറില്ലേ; അതങ്ങനെ വിട്ടുകളാ..' - സംഗീതശിൽപ വിവാദത്തിൽ മന്ത്രി ശിവൻകുട്ടി

'അടുത്ത കലോത്സവത്തിലെ രണ്ടു പന്തിയെക്കുറിച്ചു പറഞ്ഞതുകൊണ്ട് വെജും നോൺവെജുമല്ല ഉദ്ദേശിച്ചത്. തിരക്ക് കുറയ്ക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചാണ് പറഞ്ഞത്.'

MediaOne Logo

Web Desk

  • Updated:

    2023-01-05 14:59:14.0

Published:

5 Jan 2023 2:58 PM GMT

കല്യാണവീട്ടിൽ കൊച്ചുകൊച്ചു കാര്യങ്ങളൊക്കെ ഉണ്ടാകാറില്ലേ; അതങ്ങനെ വിട്ടുകളാ.. - സംഗീതശിൽപ വിവാദത്തിൽ മന്ത്രി ശിവൻകുട്ടി
X

കോഴിക്കോട്: കേരള സ്‌കൂൾ കലോത്സവ ഉദ്ഘാടന ചടങ്ങിലെ സംഗീത ശിൽപ വിവാദം ചെറിയ കാര്യമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അതിൽ ഭരണഘടനാവിരുദ്ധമോ ജനാധിപത്യവിരുദ്ധമോ ആയ കാര്യമുണ്ടെങ്കിൽ പരിശോധിക്കാമെന്നു പറഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തവണ രണ്ടു പന്തിയുണ്ടാകുമെന്നു പറഞ്ഞതുകൊണ്ട് ഉദ്ദേശിച്ചത് വെജും നോൺവെജും ഉണ്ടാകുമെന്നല്ലെന്നും അദ്ദേഹം പറഞ്ഞു.

കലോത്സവ സംഘാടനവുമായി ബന്ധപ്പെട്ട മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. കലോത്സവ ഉദ്ഘാടനത്തിലെ വിവാദമൊക്കെ പറഞ്ഞു കഴിഞ്ഞ വിഷയമാണ്. പരിശോധിക്കാമെന്നു പറഞ്ഞതാണ്. ഇത്രയും ആൾക്കാർ പങ്കെടുത്ത്, ഇത്രയും കാര്യങ്ങൾ നടക്കുമ്പോൾ ഇത്തരം ചെറിയൊരു കാര്യം പറഞ്ഞ് വീണ്ടും വീണ്ടും നിൽക്കേണ്ട കാര്യം എന്താണ്?-മന്ത്രി ചോദിച്ചു.

ഞങ്ങളൊക്കെ ഇത്തരം കാര്യങ്ങളിൽ പ്രതികരിക്കുന്നതാണ്. നമ്മുടെ വീട്ടിൽ കല്യാണം നടക്കുമ്പോൾ, ഇത്രയും ആളുകൾ പങ്കെടുക്കുന്നതിനിടെ കൊച്ചുകൊച്ചു കാര്യങ്ങളൊക്കെ ഉണ്ടാവാറില്ലേ? അതങ്ങനെ വിട്ടുകളാ.. അതിൽ എന്തെങ്കിലും ഭരണഘടനാവിരുദ്ധമോ ജനാധിപത്യ വിരുദ്ധമോ ആയ കാര്യമുണ്ടോ എന്നു നോക്കാം-അദ്ദേഹം അറിയിച്ചു.

അതേസമയം, അടുത്ത കലോത്സവത്തിലെ രണ്ടു പന്തിയെക്കുറിച്ചു പറഞ്ഞത് വെജും നോൺവെജും ഉണ്ടാകുമെന്നല്ലെന്നും ശിവൻകുട്ടി വിശദീകരിച്ചു. ഒരു തവണ തിരുവനന്തപുരത്ത് സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ഭക്ഷണപ്പന്തലും സെൻട്രൽ സ്‌കൂളിൽ മറ്റൊരു പന്തലും ഒരുക്കിയിരുന്നു. എം.എ ബേബി വിദ്യാഭ്യാസ മന്ത്രിയായിരുന്നിപ്പോഴായിരുന്നു അത്. കോഴിക്കോട്ടും ഇത്തരമൊരു സജ്ജീകരണമൊരുക്കിയിരുന്നു. തിരക്ക് കുറയ്ക്കാനായിരുന്നു അതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വെജും നോൺവെജും അല്ല ഞാൻ ഇപ്പോൾ ഉദ്ദേശിച്ചത്. തിരക്ക് കുറയ്ക്കുന്നതിനുള്ള സംവിധാനത്തെക്കുറിച്ചാണ് പറഞ്ഞത്. ഇത്രയും ആഴത്തിൽ ചിന്തിക്കുമെന്നൊന്നും കരുതിയില്ല. തിരക്കുകുറക്കാനുള്ള പ്രാഥമികമായൊരു കാര്യം പറഞ്ഞതാണ്. ഇത്രയും ഗൗരവമായി എടുക്കേണ്ടതില്ലായിരുന്നുവെന്നും മന്ത്രി ശിവൻകുട്ടി കൂട്ടിച്ചേർത്തു.

Summary: 'The controversy over music show at the opening ceremony of the Kerala School Arts Festival 2022 is a silly matter', says General Education Minister V Sivankutty

TAGS :

Next Story