Quantcast

'നിസാരമായി കാണുന്നില്ല'; കെ.സുധാകരന്റെ പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗ്

സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് ഹൈക്കമാൻഡും അതൃപ്തി അറിയിച്ചു. പ്രസ്താവനകൾ എതിരാളികൾ ആയുധമാക്കുമെന്നാണ് വിലയിരുത്തൽ.

MediaOne Logo

Web Desk

  • Published:

    15 Nov 2022 3:43 AM GMT

നിസാരമായി കാണുന്നില്ല; കെ.സുധാകരന്റെ പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗ്
X

മലപ്പുറം: കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ ആർ.എസ്.എസ്-നെഹ്‌റു പ്രസ്താവനക്കെതിരെ മുസ്‌ലിം ലീഗ്. അംഗീകരിക്കാൻ നിവൃത്തിയില്ലാത്ത പ്രസ്താവനയാണ് കെ.പി.സി.സി പ്രസിഡന്റ് നടത്തിയതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻ ചാർജ് പി.എം.എ സലാം പറഞ്ഞു. കോൺഗ്രസിന്റെ ചരിത്രത്തിന് വിരുദ്ധമായ പ്രസ്താവനയാണ് സുധാകരൻ നടത്തിയത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാത്ത പാർട്ടിയാണ് കോൺഗ്രസ്. അതുകൊണ്ടാണ് ലീഗ് കോൺഗ്രസിനൊപ്പം തുടരുന്നത്. കോൺഗ്രസിൽനിന്ന് ഇത്തരം പ്രസ്താവനകൾ ഉണ്ടാവുന്നതിനെ ലീഗ് നിസാരമായി കാണുന്നില്ല. ഇതുപോലുള്ള പ്രസ്താവനകൾ കോൺഗ്രസിന്റെ ചരിത്രത്തെ കളങ്കപ്പെടുത്തുന്നതാണെന്നും പി.എം.എ സലാം പറഞ്ഞു.

സുധാകരന്റെ പ്രസ്താവനയിൽ മുന്നണിയെ അതൃപ്തി അറിയിച്ചിട്ടുണ്ടെന്ന് മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി അംഗം എം.കെ മുനീർ പറഞ്ഞു. ആലോചിച്ച് മറുപടി പറയാമെന്നാണ് മറുപടി ലഭിച്ചത്. നാളെ പാണക്കാട് ചേരുന്ന ലീഗ് നേതൃയോഗത്തിൽ വിഷയം വിശദമായി ചർച്ച ചെയ്യും. വാക്കുപിഴ എന്ന വിശദീകരണം അംഗീകരിക്കണമോയെന്ന കാര്യത്തിൽ പാർട്ടി നേതൃത്വം നിലപാട് വ്യക്തമാക്കുമെന്നും മുനീർ പറഞ്ഞു.

അതേസമയം ലീഗ് മുന്നണി വിടുമെന്ന് സി.പി.എമ്മിന്റെ നടക്കാത്ത സ്വപ്‌നമാണെന്നും അദ്ദേഹം പറഞ്ഞു. ആരെങ്കിലും എന്തെങ്കിലും പറഞ്ഞതിന്റെ പേരിൽ മുന്നണി വിടേണ്ട സാഹചര്യമില്ല. ദേശീയതലത്തിൽ കോൺഗ്രസിന് ഇപ്പോഴും വലിയ പ്രസക്തിയുണ്ട്. സുധാകരന്റെ പ്രസ്താവനയുടെ പേരിൽ കോൺഗ്രസിനെ ചെറുതായി കാണുന്നില്ല. മുന്നണി വിടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

സുധാകരന്റെ പ്രസ്താവനയിൽ കോൺഗ്രസ് ഹൈക്കമാൻഡും അതൃപ്തി അറിയിച്ചു. പ്രസ്താവനകൾ എതിരാളികൾ ആയുധമാക്കുമെന്നാണ് വിലയിരുത്തൽ. കെ.പി.സി.സി അധ്യക്ഷൻ തന്നെ ഇത്തരത്തിൽ പ്രസ്താവനകൾ നടത്തുന്നത് ദേശീയതലത്തിൽ തന്നെ തിരിച്ചടിയാകുമെന്നാണ് പാർട്ടി നേതൃത്വം വിലയിരുത്തുന്നത്. പുതിയ വിവാദങ്ങളുടെ സാഹചര്യത്തിൽ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒരു വട്ടം കൂടി സുധാകരന് നൽകുന്ന കാര്യത്തിൽ ഹൈക്കമാൻഡ് പുനരാലോചന നടത്തിയേക്കും.

TAGS :

Next Story