ഫലസ്തീനികളെ ഭീകരവാദികളാക്കിയ ലീഗ് ഐക്യദാർഢ്യ സമ്മേളനം വേദനാജനകം: മൂവാറ്റുപുഴ അഷ്റഫ് മൗലവി
ഫലസ്തീൻ ഐക്യദാർഢ്യസമ്മേളനം ഇസ്രായേൽ ന്യായീകരണ സമ്മേളനമായി മാറിയതിലൂടെ മുസ്‌ലിം ലീഗിന്റെ ഇരട്ടത്താപ്പും നിലപാടില്ലായ്മയുമാണ് വ്യക്തമാകുന്നതെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി
തിരുവനന്തപുരം: ഫലസ്തീനികളെ ഭീകരവാദികളാക്കിയും ഇസ്രയേലിനെ ന്യായീകരിച്ചും ശശി തരൂരിന് പ്രഭാഷണത്തിന് അവസരമൊരുക്കി മുസ്‌ലിം ലീഗ് കോഴിക്കോട് സംഘടിപ്പിച്ച ഐക്യദാർഢ്യസമ്മേളനം വേദനാജനകമാണെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. സയണിസ്റ്റ് ഭീകരർ ഫലസ്തീനിലെ സ്ത്രീകളെയും കുട്ടികളെയും അറുകൊല ചെയ്യുമ്പോൾ പോലും ഇസ്രയേലിനെ ന്യായീകരിക്കാനുള്ള വേദിയായി മുസ്‌ലിം ലീഗിന്റെ സമ്മേളനം മാറിയത് അപലപനീയമാണെന്നും അദ്ദേഹം വാർത്താകുറിപ്പിൽ പറഞ്ഞു.
രാജ്യാന്തര ശ്രദ്ധനേടുന്ന മനുഷ്യാവകാശ സമ്മേളനം എന്നു കൊട്ടിഘോഷിച്ച് ലീഗ് നടത്തിയ സമ്മേളനത്തിൽ ശശി തരൂർ നടത്തിയ ഇരട്ടത്താപ്പിനോട് വിയോജിക്കാനോ ആ നിലപാട് ലീഗിന്റേതല്ല എന്നു വ്യക്തമാക്കാനോ ലീഗ് നേതൃത്വം തയ്യാറായില്ലെന്നും അഷ്‌റഫ് മൗലവി വിമർശിച്ചു. ഫലസ്തീനികളോട് ഐക്യപ്പെട്ട് ഒരുമിച്ച് കൂടിയവരുടെ മുമ്പിൽ ഇസ്രയേലിന്റെ ന്യായം പഠിപ്പിച്ചുകൊടുക്കുന്ന രീതി വോട്ട് ബാങ്ക് മുന്നിൽ കണ്ടുകൊണ്ട് ശശി തരൂർ നടത്തിയ കപട നാടകമാണ്. നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്തും ഇ അഹമ്മദ് കേന്ദ്ര വിദേശകാര്യ സഹമന്ത്രിയായിരുന്ന സമയത്തും ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെട്ടിരുന്നു. മുതിർന്ന കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ പ്രസ്താവനയിൽ കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണം. ഫലസ്തീൻ ഐക്യദാർഢ്യസമ്മേളനം ഇസ്രായേൽ ന്യായീകരണ സമ്മേളനമായി മാറിയതിലൂടെ മുസ്‌ലിം ലീഗിന്റെ ഇരട്ടത്താപ്പും നിലപാടില്ലായ്മയുമാണ് വ്യക്തമാകുന്നതെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി കൂട്ടിച്ചേർത്തു.
Muslim League Conference which turned Palestinians into terrorists is painful: Ashraf Maulavi Muwatupuzha
Adjust Story Font
16