Quantcast

മലബാറിലെ ഉപരിപഠന പ്രതിസന്ധി: മുസ്‌ലിംലീഗ് രണ്ടാംഘട്ട സമരത്തിലേക്ക്; ജൂലൈ 10ന് ഉപജില്ലാ ഓഫീസുകൾ ഉപരോധിക്കും

ജൂലൈ അഞ്ച്, ആറ് തിയതികളിൽ തൃശൂർ ചെറുതുരുത്തിയിൽ സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാംപ് നടക്കും

MediaOne Logo

Web Desk

  • Published:

    2 July 2023 3:31 PM GMT

The Kerala state secretariat of the Muslim League will meet today to evaluate the Lok Sabha elections, Lok Sabha 2024, Elections 2024,
X

മലപ്പുറം: മൂന്നാം ഹയർ സെക്കന്‍ഡറി അലോട്ട്‌മെന്‍റ് കഴിഞ്ഞിട്ടും മലബാർ ജില്ലകളിലെ 30,000ത്തിലധികം വിദ്യാർത്ഥികൾ പഠനാവസരമില്ലാതെ പുറത്തുനിൽക്കുന്ന സാഹചര്യത്തിൽ മുസ്‌ലിംലീഗ് രണ്ടാംഘട്ട പ്രക്ഷോഭത്തിന്. ജൂലൈ 10ന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ ഉപരോധിക്കും. മുസ്‍ലിം ലീഗ് സംസ്ഥാന സമിതി യോഗത്തിലാണ് തീരുമാനം.

നേരത്തെ മലബാറിലെ ജില്ലകളിലെ കലക്ടറേറ്റുകൾക്ക് മുന്നിൽ പാർട്ടി പ്രതിഷേധ സമരം നടത്തിയിരുന്നു. മലബാറിനോട് മാത്രമുള്ള ചിറ്റമ്മനയത്തിനെതിരെ നിയമസഭയിലും പുറത്തും ലീഗ് ശക്തമായ പോരാട്ടങ്ങളാണ് നടത്തിവരുന്നത്. എന്നാൽ, സർക്കാർ പ്രഖ്യാപിച്ച വാഗ്ദാനങ്ങളൊന്നും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിലാണ് ജൂലൈ 10ന് കാസർകോട് മുതൽ പാലക്കാട് വരെയുള്ള ജില്ലകളിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസുകൾ ഉപരോധിക്കുന്നത്. മലപ്പുറത്ത്‌ ചേർന്ന സംസ്ഥാന ഭാരവാഹികളുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ജില്ലാ മുസ്‌ലിംലീഗ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരത്തിന് രൂപംനൽകുമെന്ന് നേതാക്കള്‍ അറിയിച്ചു.

ഇന്ത്യൻ യൂനിയൻ മുസ്‌ലിംലീഗ് ദേശീയ ആസ്ഥാന മന്ദിരമായ ഖാഇദേ മില്ലത്ത് സെന്‍ററിന്‍റെ ഫണ്ട് സമാഹരണത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് യോഗം വിലയിരുത്തി. ഓരോ മുസ്‌ലിംലീഗ് പ്രവർത്തകർക്കും അഭിമാനിക്കാവുന്ന വിധത്തിൽ ഒരു സാംസ്‌കാരിക സമുച്ചയമാണ് രാജ്യതലസ്ഥാനത്ത് ഉയരുന്നത്. കൂടുതൽ ജനങ്ങളിലേക്ക് ഈ ചരിത്രദൗത്യത്തിന്‍റെ സന്ദേശമെത്തിക്കാൻ ശാഖ, വാർഡ് കമ്മിറ്റികൾ ജാഗ്രത കാണിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. ഇതിനായി ഓരോ ജില്ലകളിലും അവലോകന യോഗങ്ങൾ ഈ മാസം 10ന് ഉച്ചയ്ക്കുശേഷം അതത് നിരീക്ഷകരുടെ സാന്നിധ്യത്തിൽ വിളിച്ചുചേർക്കാൻ തീരുമാനിച്ചു. ജില്ലകളിലെ അവലോകന യോഗത്തിനുശേഷം മണ്ഡലം, പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിലും യോഗംചേരും.

ജൂലൈ അഞ്ച്, ആറ് തിയതികളിൽ തൃശൂർ ജില്ലയിലെ ചെറുതുരുത്തിയിൽ നടക്കുന്ന സംസ്ഥാന എക്‌സിക്യുട്ടീവ് ക്യാംപുമായി ബന്ധപ്പെട്ട കാര്യപരിപാടികൾക്ക് യോഗം അന്തിമരൂപം നൽകി. അഞ്ചിനു രാവിലെ 9:30ന് ആരംഭിക്കുന്ന ക്യാംപ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പാർട്ടിയുടെയും പോഷകസംഘടനകളുടെയും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ രണ്ട് ദിവസത്തെ ക്യാംപില്‍ പങ്കെടുക്കും. സംഘടനാകാര്യങ്ങളും കാലിക രാഷ്ട്രീയ വിഷയങ്ങളും ക്യാംപില്‍ ചർച്ച ചെയ്യും. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ ജനവിരുദ്ധ നടപടികൾക്കെതിരായ സമര പരിപാടികൾക്ക് ക്യാമ്പിൽ രൂപം നൽകും.

സംസ്ഥാന വൈസ് പ്രസിഡന്‍റ് എം.സി മായിൻ ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ അബ്ദുറഹ്മാൻ കല്ലായി, സി.എച്ച് റഷീദ്, ഉമ്മർ പാണ്ടികശാല, സി.പി ബാവ ഹാജി, പൊട്ടൻകണ്ടി അബ്ദുല്ല, സി.പി സൈതലവി, സെക്രട്ടറിമാരായ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, സി. മമ്മൂട്ടി, അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, സി.പി ചെറിയ മുഹമ്മദ്, പാറക്കൽ അബ്ദുല്ല, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ ചർച്ചയിൽ പങ്കെടുത്തു. അബ്ദുറഹ്മാൻ രണ്ടത്താണി നന്ദി പറഞ്ഞു.

Summary: Muslim League to stage second strike in higher education crisis in Malabar; Sub district educational offices will be blockaded on July 10

TAGS :

Next Story