Quantcast

'ഭാരം' കുറയ്ക്കാന്‍ മുസ്‍ലിം ലീഗ്; സംസ്ഥാന ഭാരവാഹികള്‍ 27 ല്‍ നിന്ന് 13 ആകും

ഇനിമുതല്‍ ഉന്നതതാധികാരസമിതി അടിയന്തരഘട്ടങ്ങളില്‍ മാത്രമേ ചേരൂവെന്നും തീരുമാനമായിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-10-03 07:34:19.0

Published:

3 Oct 2021 7:00 AM GMT

ഭാരം കുറയ്ക്കാന്‍ മുസ്‍ലിം ലീഗ്; സംസ്ഥാന ഭാരവാഹികള്‍ 27 ല്‍ നിന്ന് 13 ആകും
X

മുസ്‍ലിം ലീഗിലും പോഷകസംഘടനകളിലും സംസ്ഥാന ഭാരവാഹികളുടെ എണ്ണം കുറയ്ക്കാന്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ തീരുമാനം. നിലവിലെ സംസ്ഥാന ഭാരവാഹികളുടെ എണ്ണം പകുതിയായി കുറയ്ക്കാനാണ് തീരുമാനം. ലീഗിലെ ഇപ്പോഴത്തെ സംസ്ഥാന ഭാരവാഹികളുടെ എണ്ണം 27 ആണ്. ഇത് 13 ആയി കുറയ്ക്കും. ഇതിനാനുപാതമായി പോഷക സംഘടനകളിലെയും ഭാരവാഹികളുടെ എണ്ണം കുറയ്ക്കും.

ഇന്നലെ ചേര്‍ന്ന മുസ്‍ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഭാരവാഹികളെ കുറയ്ക്കാൻ തീരുമാനമായത്. ഇനിമുതല്‍ ഉന്നതതാധികാരസമിതി അടിയന്തരഘട്ടങ്ങളില്‍ മാത്രമേ ചേരൂവെന്നും തീരുമാനമായിട്ടുണ്ട്. നയരൂപീകരണം അടക്കമുള്ള പ്രധാന തീരുമാനങ്ങള്‍ സെക്രട്ടേറിയേറ്റ് യോഗത്തിലായിരിക്കും എടുക്കുക. പോഷക സംഘടനകളിലെ പ്രധാനഭാരവാഹികള്‍ക്ക് രണ്ട് ടേമില്‍ കൂടുതല്‍ സ്ഥാനത്ത് തുടരാനാകില്ല.

പ്രസിഡന്‍റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍, വൈസ് പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുള്‍പ്പടെ 27 ഭാരവാഹികളാണ് മുസ്‍ലിം ലീഗ് സംസ്ഥാന കമ്മിറ്റിയില്‍. ലീഗിന്‍റെ ഭരണഘടനയില്‍ പറയുന്നത് പരമാവധി 13 അംഗങ്ങള്‍ എന്നാണ്. അതുകൊണ്ട് തന്നെ അടുത്ത കമ്മിറ്റി മുതല്‍ 13 ഭാരവാഹികള്‍ മതിയെന്നാണ് പുതിയ തീരുമാനം. 17 ഭാരവാഹികളുള്ള യൂത്ത് ലീഗില്‍ അത് 11 ആയി കുറയും. എം.എസ്.എഫ് സംസ്ഥാന ഭാരവാഹികളുടെ എണ്ണത്തിലും മാറ്റം വരും. 18-ല്‍ നിന്ന് 11 ആയാണ് എം.എസ്.എഫ് ഭാരവാഹികളുടെ എണ്ണം കുറയുക.

പോഷക സംഘടനകളില്‍ സീനിയര്‍ വൈസ് പ്രസിഡന്‍റ് എന്ന പദവി അടുത്തിടെ വന്നിരുന്നു. ഇനി മുതല്‍ അതും ഉണ്ടാകില്ല. സംസ്ഥാന ഭാരവാഹികളുടെ എണ്ണം കുറയന്നത് പോലെ ജില്ലാ കമ്മിറ്റികളിലും ഭാരവാഹികളുടെ എണ്ണം കുറയ്ക്കും.

മുസ്‍ലിം ലീഗിന്‍റെ പോഷകസംഘടനകളിൽ 20 ശതമാനം വനിതാ സംവരണം നടപ്പാക്കുമെന്ന് സംസ്ഥാന ആക്ടിങ് ജനറൽ സെക്രട്ടറി പി.എം.എ. സലാം ഇന്നലെ അറിയിച്ചിരുന്നു. യൂത്ത് ലീഗും എം.എസ്.എഫും അടക്കമുള്ള സംഘടനകളിലെല്ലാം സംവരണം ഏർപ്പെടുത്തുമെന്നും വനിതാ പ്രാതിനിധ്യം വരുമ്പോൾ വേണ്ട ക്രമീകരണങ്ങൾ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

ഉപസമിതി തയാറാക്കിയ പ്രവർത്തന നയരേഖ ലീഗ് പ്രവർത്തക സമിതി അംഗീകരിച്ചു. ഭാവി പ്രവർത്തനത്തിനുള്ള രൂപരേഖയാണിത്. ജില്ലകളിലും ജില്ല പ്രവർത്തന സമിതികൾ വിളിക്കും. ജില്ലതലത്തിൽ പാർട്ടിയെ ശാക്തീകരിക്കുകയായിരിക്കും ആദ്യ കർമപരിപാടി. താഴേത്തട്ടിലുള്ള ഘടകങ്ങളുമായി നേതൃത്വം ചർച്ച നടത്തും. പാർട്ടിയിലെയും മുന്നണിയിലെയും പ്രശ്‌നപരിഹാരമായിരിക്കും ഇതുവഴി ലക്ഷ്യമിടുന്നതെന്നും പി.എം.എ സലാം അറിയിച്ചു.

TAGS :

Next Story