Quantcast

‘ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്നു’; കെ.ടി ജലീലിന്റെ പ്രസ്താവന അപകടകരമെന്ന് മുസ്‍ലിം ലീഗ്

‘അൻവറിന്റെ സംഘടന ലീഗിനെ ബാധിക്കില്ല’

MediaOne Logo

Web Desk

  • Published:

    6 Oct 2024 5:43 AM GMT

KT Jaleel assembly speech quoting quran
X

മലപ്പുറം: ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്ന കെ.ടി ജലീൽ എംഎൽഎയുടെ പ്രസ്താവന അപകടകരമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. കരിപ്പൂരിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ടുള്ള ജലീലിന്റെ പ്രസ്താവന നികൃഷ്ടമാണ്. മുസ്ലിം സമൂഹമാണ് കള്ളക്കടത്തു നടത്തുന്നതെന്നാണ് പരാമർശം. ബിജെപി നേതാക്കൾ പോലും അങ്ങനെ പറയുന്നില്ല.

കരിപ്പൂർ വിമാനത്താവളത്തിൽ മാത്രമല്ല കള്ളക്കടത്ത് നടക്കുന്നത്. കണ്ണൂരിലും തിരുവനന്തപുരത്തും കൊച്ചിയിലും കള്ളക്കടത്തുണ്ട്. സ്വന്തം രാഷ്ട്രീയ നിലനിൽപ്പിനും സ്ഥാനമാനങ്ങളും പദവികളും നേടിയെടുക്കാൻ ഒരു സമുദായത്തെ മുഴുവൻ കുറ്റവാളികളാക്കുന്ന നിലപാട് അപകടകരമാണ്. ജലീലിന്റെ പ്രസ്താവനക്ക് പിന്നിൽ സ്വാർത്ഥ താൽപര്യവും പാർട്ടിയെ തൃപ്തിപ്പെടുത്തലുമാണ്.

കെ.ടി ജലീലിന്റെ നിലപാട് പാർട്ടി നിലപാടാണോ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ വ്യക്തമാക്കണമെന്നും പിഎംഎ സലാം പറഞ്ഞു.

പി.വി അൻവറിന്റെ പുതിയ സംഘടന മുസ്‍ലിം ലീഗിനെ ബാധിക്കില്ല. മുസ്‌ലിം ലീഗ് അൻവറിനെ സ്വാഗതം ചെയ്തിട്ടില്ല. അൻവറുമായി ഔദ്യോഗിക ചർച്ചയൊന്നും നടത്തിയിട്ടുമില്ല. അൻവറിന്റെ നിലപാട് അറിഞ്ഞാൽ യുഡിഎഫ് തീരുമാനമെടുക്കും. ലീഗിന്റെ നിലപാട് യുഡിഎഫ് നിലപാടാണ്. യുഡിഎഫുമായി സഹകരിക്കാൻ കഴിയുമോ എന്ന് ആലോചിച്ച് തീരുമാനിക്കും. ലീഗ് നേരത്തെ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ അൻവർ പറയുന്നതെന്നും പിഎംഎ സലാം വ്യക്തമാക്കി.

TAGS :

Next Story