Quantcast

മൂന്നാം സീറ്റിൽ വിട്ടുവീഴ്ചയില്ലെന്ന് ഉറപ്പിച്ച് ലീഗ്; കോൺഗ്രസിന് ആശങ്ക

നാളത്തെ യു.ഡി.എഫ് യോഗം മാറ്റി ലീഗ്-കോൺഗ്രസ് ചർച്ചയാക്കി

MediaOne Logo

Web Desk

  • Updated:

    2024-02-24 07:23:34.0

Published:

24 Feb 2024 6:33 AM GMT

Muslim League is not ready to compromise on the demand of third seat in Lok Sabha elections
X

മലപ്പുറം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തിൽ വിട്ടുവീഴ്ചയ്ക്കു തയാറാകാതെ മുസ്‌ലിം ലീഗ്. നാളെ നിശ്ചയിച്ചിരുന്ന യു.ഡി.എഫ് യോഗം കോൺഗ്രസ്-ലീഗ് ഉഭയകക്ഷി ചർച്ചയാക്കി മാറ്റിയിട്ടുണ്ട്. അതിനിടെ, ലീഗ് നിലപാട് കടുപ്പിക്കുമോ എന്ന ആശങ്ക കോൺഗ്രസിനുണ്ട്.

നാളെ എറണാകുളത്തു വച്ചാണ് കോൺഗ്രസ്, ലീഗ് നേതാക്കൾ തമ്മിലുള്ള അവസാന വട്ട ചർച്ച നടക്കുന്നത്. ലീഗിനെ അനുനയിപ്പിച്ചു നിർത്താൻ തന്നെയായിരിക്കും കോൺഗ്രസ് ശ്രമം. എന്നാൽ, ലോക്‌സഭയിൽ മൂന്നാം സീറ്റ് തന്നെ വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ലീഗ്. ഇല്ലെങ്കിൽ നേരത്തെ ലീഗിന്റെ കൈവശമുണ്ടായിരുന്ന രാജ്യസഭാ സീറ്റ് തിരിച്ചുനൽകണമെന്നാണ് ആവശ്യം. നേരത്തെ മുന്നണി സമവാക്യത്തിന്റെ ഭാഗമായി സീറ്റ് ലീഗ് കേരള കോൺഗ്രസിന് നൽകുകയായിരുന്നു. എന്നാൽ, കേരള കോൺഗ്രസ് മുന്നണി വിട്ട ശേഷവും സീറ്റ് ലീഗിനു തിരിച്ചുകിട്ടിയിട്ടില്ല.

കഴിഞ്ഞ ദിവസം കോൺഗ്രസിന് ഒളിയമ്പുമായി മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം രംഗത്തെത്തിയിരുന്നു. തദ്ദേശ ഉപതെരഞ്ഞെടുപ്പിലെ ലീഗ് സ്ഥാനാർത്ഥികളുടെ വിജയം സൂചിപ്പിച്ചായിരുന്നു ഫേസ്ബുക്കിൽ സലാമിന്റെ കുറിപ്പ്. ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞാണ് ജനം ലീഗ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ചതെന്നു പറഞ്ഞ അദ്ദേഹം കൂടുതൽ കരുത്തോടെ ലീഗ് മുന്നോട്ടുപോകുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റിൽ യു.ഡി.എഫ് വിജയത്തെക്കുറിച്ച് ഒരു പരാമർശവും ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.

മൂന്നാം സീറ്റ് ആവശ്യത്തിൽനിന്ന് പിന്നോട്ടില്ലെന്ന് ദേശീയ ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ള നേതാക്കൾ പലതവണ വ്യക്തമാക്കിയിട്ടുണ്ട്. ലീഗ് ഒരു കാര്യം പറഞ്ഞാൽ അതിൽ ഉറച്ചുനിൽക്കുമെന്നാണ് കഴിഞ്ഞ ദിവസം കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്. നേരത്തെ എടുത്ത നിലപാടിൽ ഒരു വ്യത്യാസവുമില്ല. കാര്യങ്ങൾ തീരുമാനമാകുമ്പോൾ വ്യക്തമായി പറയാമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

Summary: Muslim League is not ready to compromise on the demand of third seat in Lok Sabha elections

TAGS :

Next Story