മുനമ്പം വഖഫ് ഭൂമി തർക്കം: ബിഷപ് ഹൗസിൽ മുസ്‍ലിം ലീഗ്-മെത്രാൻ സമിതി കൂടിക്കാഴ്ച
മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്
കൊച്ചി: മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ ലത്തീൻ മെത്രാൻ സമിതിയുമായി ചര്‍ച്ച നടത്തി മുസ്‌ലിം ലീഗ് നേതാക്കൾ. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി എന്നിവരുടെ നേതൃത്വത്തിലാണ് നേതാക്കൾ ക്രൈസ്തവ നേതാക്കളെ കണ്ടത്. വരാപ്പുഴ അതിരൂപത ബിഷപ് ഹൗസിലാണ് കൂടിക്കാഴ്ച നടക്കുന്നത്. മുനമ്പം ഭൂസംരക്ഷണ സമിതി നേതാക്കളും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രശ്നപരിഹാരം വൈകുംതോറും വിഷയം സങ്കീർണമാകുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം സാദിഖലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. പിതാക്കന്മാരുമായി വിഷയം ചർച്ച ചെയ്തു. കാലതാമസമില്ലാതെ പരിഹാരയോഗമുണ്ടാകും. സർക്കാർ കാലതാമസം കൂടാതെ പരിഹാരം ഉണ്ടാക്കണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.
മുനമ്പം നിവാസികൾക്കു പിന്തുണ നൽകിയതായി മുസ്‍ലിം ലീഗ് നേതൃത്വം അറിയിച്ചെന്ന് ലത്തീൻ സഭ കോഴിക്കോട് രൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ പറഞ്ഞു. മുനമ്പത്തേത് മാനുഷിക പ്രശ്നമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയം പെട്ടെന്നു പരിഹരിക്കാൻ കഴിയുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫാറൂഖ് കോളജ് കമ്മിറ്റിയും വിഷയം രമ്യമായി പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ വിഷയത്തിൽ പരിഹാരം ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16