Quantcast

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തല്‍; മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയോഗം ജൂൺ മുപ്പതിനകം ചേരും

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും വിശകലന യോഗം ചേരുന്നില്ലെന്ന വിമർശനം മുസ്‍ലിം ലീഗിനകത്ത് നേരത്തെ തന്നെ ഉയർന്നിരുന്നു

MediaOne Logo

Web Desk

  • Published:

    15 Jun 2021 1:52 AM GMT

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തല്‍; മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയോഗം ജൂൺ മുപ്പതിനകം ചേരും
X

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തുന്നതിനായി മുസ്‍ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയോഗം ജൂൺ മുപ്പതിനകം ചേരുമെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പിഎംഎ സലാം. ലോക്ഡൗൺ നിലനിൽക്കുന്നതിനാലാണ് യോഗം വൈകുന്നത്. തെരഞ്ഞെടുപ്പ് വിശകലന റിപ്പോർട്ട് സമർപ്പിക്കാന്‍ ജില്ലാ കമ്മറ്റികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും പിഎംഎ സലാം മീഡിയവണ്ണിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് വിശകലന യോഗം ചേരുന്നില്ലെന്ന കെഎം ഷാജിയുടെ വിമർശനത്തിന് പിന്നാലെയാണ് പിഎംഎ സലാമിന്‍റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും വിശകലന യോഗം ചേരുന്നില്ലെന്ന വിമർശനം മുസ്‍ലിം ലീഗിനകത്ത് നേരത്തെ തന്നെ ഉയർന്നിരുന്നു. ഒടുവിലാണ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി വിമർശനവുമായി രംഗത്തെത്തിയത്. ലോക്ഡൗൺ നിലനില്‍ക്കുന്നതാണ് യോഗം ചേരാന്‍ തടസ്സമെന്ന വാദം ആവർത്തിക്കുകയാണ് നേതൃത്വം.

തെരഞ്ഞെടുപ്പ് വിശകലന റിപ്പോർട്ട് തയ്യാറാക്കാൻ ജില്ലാ കമ്മറ്റികൾക്കും, പോഷക സംഘടനകൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും ലോക്ഡൗൺ പിൻവലിച്ചാൽ ഒരാഴ്ച്ചക്കകം തന്നെ യോഗം ചേരാൻ കഴിയുമെന്നും പിഎംഎ സലാം പറഞ്ഞു. വിശദമായ ചർച്ചകൾക്കുള്ള അവസരമുണ്ടാകും. ഒന്നിൽ കൂടുതൽ ദിവസം യോഗം ചേരാനുള്ള ക്രമീകരണങ്ങളൊരുക്കുമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി വിശദീകരിച്ചു.

എന്നാൽ കൂടുതൽ അംഗങ്ങളുള്ള സംസ്ഥാന പ്രവർത്തക സമിതി യോഗത്തിന് മുമ്പ് സംസ്ഥാന കമ്മറ്റി യോഗം വിളിക്കണമെന്ന ആവശ്യമാണ് ഒരു വിഭാഗം നേതാക്കൾ ഉന്നയിക്കുന്നത്. 25 അംഗങ്ങളുള്ള സംസ്ഥാന കമ്മറ്റി യോഗം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്താനാകുമെന്നുമാണ് നേതാക്കളുടെ നിലപാട്.

TAGS :

Next Story