ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾ അകലുമെന്ന ആശങ്ക; തട്ടം വിവാദത്തെ സി.പി.എം തള്ളിപ്പറഞ്ഞു
നിയമസഭ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയങ്ങളിലെ കാരണങ്ങളിലൊന്ന് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണ കൂടിയാണെന്ന് സി.പി.എം വിലയിരുത്തിയിരിന്നു
തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ന്യൂനപക്ഷങ്ങൾ അകലുമെന്ന ആശങ്കയെ തുടർന്നാണ് തട്ടം വിവാദത്തെ സി.പി.എം തള്ളി പറഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയങ്ങളിലെ കാരണങ്ങളിലൊന്ന് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണ കൂടിയാണെന്ന് സി.പി.എം വിലയിരുത്തിയിരിന്നു. ഈ വോട്ട് ബാങ്കിനെ അനിൽകുമാറിന്റെ പ്രസ്താവന ബാധിക്കുമെന്ന ആശങ്കയെ തുടർന്നാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തന്നെ തിരുത്തുമായി രംഗത്ത് വന്നത്.
പൊതു സമൂഹത്തിന് മുന്നിൽ ചർച്ചയാകും മുമ്പ് സോഷ്യൽ മീഡിയയിൽ വിഷയം സജീവമായി. ലോക്‌സഭ തെരഞ്ഞെടുപ്പിന് തൊട്ട് മുൻപുള്ള പ്രസ്താവന മുസ്‌ലിം ന്യൂനപക്ഷങ്ങളെ എതിരാക്കുമെന്ന് സി.പി.എം നേതൃത്വം വിലയിരുത്തി. ഇതോടെയാണ് സി.പി.എം സംസ്ഥാനസെക്രട്ടറി തന്നെ അനിൽകുമാറിന്റെ പ്രസ്താവനയെ തള്ളിപ്പറഞ്ഞ് രംഗത്ത് വന്നത്.
പ്രതിപക്ഷവും ഇത് ആയുധമാക്കിയതോടെ സി.പി.എമ്മിന്റെ ആശങ്ക വർധിപ്പിച്ചു. പ്രത്യേകിച്ച് കർണാടകയിലെ ഹിജാബ് വിവാദവുമായി ചേർത്ത് വച്ചായിരിന്നു പ്രതിപക്ഷത്തിൻരെ പ്രചരണം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ വിജയത്തിലെ കാരണങ്ങളിലൊന്ന് മുസ്‌ലിം ന്യൂനപക്ഷങ്ങളുടെ പിന്തുണ കൂടിയാണെന്ന് സി.പി.എം വിലയിരുത്തിയിരിന്നു. സമസ്ത അടക്കമുള്ള സംഘടനകളുമായി മുഖ്യമന്ത്രി പുലർത്തുന്ന ബന്ധത്തെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗത്തിൻറെ പ്രസ്താവന ബാധിക്കുമോ എന്ന ആശങ്കയും സി.പി.എമ്മിനുണ്ടായി. ഈ വിഷയത്തിൽ പാർട്ടി സെക്രട്ടറി നിലപാട് വിശദീകരിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് വിവരം.
Adjust Story Font
16