Quantcast

ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിനെതിരെ മുസ്‌ലിം സംഘടനകൾ

MediaOne Logo

Web Desk

  • Updated:

    2021-06-15 16:24:23.0

Published:

15 Jun 2021 4:20 PM GMT

ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിനെതിരെ മുസ്‌ലിം സംഘടനകൾ
X

ലോക്ഡൗണിന് ഇളവുകൾ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങൾ തുറക്കാൻ അനുമതി നൽകാത്തതിനെതിരെ മുസ്‌ലിം സംഘടനകൾ. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ , ജമാഅത്തെ ഇസ്‌ലാമി, കേരള മുസ്‌ലിം ജമാഅത്ത് ഫെഡറേഷൻ, വിസ്‌ഡം മുസ്‌ലിം ഓർഗനൈസേഷൻ, കേരള നദ്‌വത്തുൽ മുജാഹിദീൻ, ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ എന്നീ സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

കോവിഡ് രണ്ടാം തരംഗത്തിനെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ പലകാര്യങ്ങള്‍ക്കും ഇളവ് വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സര്‍ക്കാര്‍ എത്രയും പെട്ടെന്ന് വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി ഇടപെടണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.

ലോക്ഡൗണിൽ സാരമായ ഇളവുകൾ അനുവദിച്ചിട്ടും ആരാധനാലയങ്ങൾ ക്കുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കാത്തത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി അഭിപ്രായപ്പെട്ടു.ബാറുകൾക്ക്പോലും പ്രവർത്തനാനുമതി നൽകിയപ്പോൾ വെള്ളിയാഴ്ചയിലെ ജുമുഅ നമസ്കാരത്തിന് പോലും ഇളവ് അനുവദിക്കാതിരുന്നത്എന്ത് കാരണത്താൽ ആണെന്ന് സർക്കാർ വ്യക്തമാക്കണം.ഇക്കാര്യത്തിൽ സർക്കാരിൻറെ ഭാഗത്തുനിന്നും അടിയന്തരമായ തീരുമാനം ഉണ്ടാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചപ്പോള്‍ ആരാധനാലയങ്ങള്‍ക്ക് ബാധകമാക്കാതിരുന്നത് കടുത്ത വിവേചനവും പ്രതിഷേധാര്‍ഹവുമാണെന്നും മുഖ്യമന്ത്രി തീരുമാനം പുനപരിശോധിക്കണമെന്നും ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം ഐ അബ്ദുല്‍ അസീസ് അഭിപ്രായപ്പെട്ടു. വിവിധ മേഖലകള്‍ക്ക് ഇളവുകള്‍ അനുവദിച്ചപ്പോള്‍ ആരാധനാലയങ്ങളെ ഒഴിവാക്കിയത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാന്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണില്‍ പലകാര്യങ്ങള്‍ക്കും ഇളവ് വരുത്തിയിട്ടും ആരാധനാലയങ്ങള്‍ തുറക്കാനാവശ്യമായ സൗകര്യങ്ങള്‍ ചെയ്യാത്തത് ഖേദകരമെന്ന് കേരള നദ്‌വത്തുൽ മുജാഹിദീൻ വൈസ് പ്രസിഡന്റ് ഡോ ഹുസൈൻ മടവൂർ വിവിധ മുസ്‌ലിം സംഘടനാ നേതാക്കളും കൂട്ടമായി ഒരു ആവശ്യം ഉന്നയിച്ചിട്ട് അവഗണിച്ചത് പ്രതിഷേധാർഹമാണ്.

ആരാധനാലയങ്ങൾ കോവിഡ് മാനദണ്ഡമനുസരിച്ച് തുറന്നു പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ മുഖ്യധാരാ മതസംഘടനകളെല്ലാം നിവേദനം നൽകിയിട്ടും അതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ വാർത്താ കുറിപ്പിൽ യാതൊന്നും സൂചിപ്പിക്കാതിരുന്നത് വലിയൊരു വിഭാഗം ജനങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കലാണെന്നു വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജന:സെക്രട്ടറി ടി കെ അഷ്റഫ് പറഞ്ഞു.

പൊതുഗതാഗതം, ഷോപ്പുകൾ, ബാങ്കുകൾ, സ്വകാര്യ -സർക്കാർ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലൊക്കെ ഇളവുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങളുടെ കാര്യത്തിൽ മാത്രം ഇളവനുവദിക്കാതെ ബോധപൂർവമായി അവഗണിച്ച മുഖ്യമന്ത്രിയുടെ നിലപാട് തികച്ചും പ്രതിഷേധാർഹമാണെന്നും ലോക്ഡൗണിൻ്റെ മറവിൽ മുഖ്യമന്ത്രി ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാൻ ശ്രമിക്കുകയാണെന്നും ആൾ ഇന്ത്യ ഇമാംസ് കൗൺസിൽ സംസ്ഥാന പ്രസിഡൻ്റ് ടി.അബ്ദുറഹ്മാൻ ബാഖവി പ്രസ്താവിച്ചു.



TAGS :

Next Story