Quantcast

ഏക സിവിൽകോഡിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്തതിൽ മുസ്‌ലിം സംഘടനകൾക്ക് അതൃപ്തി

ഏക സിവിൽകോഡ് വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ആണ് ആദ്യം നിലപാട് പറഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം ഏക സിവിൽകോഡിനെതിരെ രംഗത്തെത്തിയിരുന്നു.

MediaOne Logo

Web Desk

  • Published:

    2 July 2023 2:17 AM GMT

congress without clarifying its position on the uniform civil code
X

കോഴിക്കോട്: ഏക സിവിൽകോഡ് വിഷയത്തിൽ കോൺഗ്രസ് നിലപാട് വ്യക്തമാക്കാത്തതിൽ മുസ്‌ലിം സംഘടനകൾക്ക് അതൃപ്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സിവിൽകോഡ് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചതോടെ ഇത് സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിൽക്കുന്നത്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഏക സിവിൽകോഡ് ബി.ജെ.പിയുടെ മുഖ്യപ്രചാരണായുധമാകുമെന്ന് ഉറപ്പായിട്ടും കോൺഗ്രസ് മൗനം തുടരുന്നതിൽ മുസ്‌ലിം സംഘടനകൾക്ക് അതൃപ്തിയുണ്ട്.

ഏക സിവിൽകോഡ് വിഷയത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ആണ് ആദ്യം നിലപാട് പറഞ്ഞത്. സി.പി.എം അടക്കമുള്ള പാർട്ടികൾ ഏക സിവിൽകോഡിനെതിരെ രംഗത്തുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഏക സിവിൽകോഡ് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ടയാണെന്നും ഏതിർത്ത് തോൽപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

ഏക സിവിൽകോഡിൽ കരട് പുറത്തിറങ്ങുകയോ പാർലമെന്റിൽ ചർച്ചകൾ തുടങ്ങുകയോ ചെയ്താൽ നിലപാട് പറയാമെന്നാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് കഴിഞ്ഞ ദിവസം പറഞ്ഞത്. ബി.ജെ.പിയുടെ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമാണ് പുതിയ നീക്കമെന്ന് വ്യക്തമായിട്ടും എന്താണ് ഇത്ര ചർച്ച ചെയ്യാനുള്ളത് എന്നതാണ് കോൺഗ്രസിനെതിരെ ഉയരുന്ന ചോദ്യം.

കോൺഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ലീഗ് അടക്കമുള്ള മുസ്‌ലിം സംഘടനകൾ ഏക സിവിൽകോഡിനെതിരെ പരസ്യനിലപാടുമായി രംഗത്തെത്തിയിരുന്നു.

TAGS :

Next Story