സ്വതന്ത്രചിന്തയുടെ പേരില്‍ ഇസ്‌ലാം വിരുദ്ധതയും അധാര്‍മ്മികതയും പ്രചരിപ്പിക്കുന്നവരെ ചെറുക്കണം: യൂത്ത് ലീഗ്
കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ലഹരി മരുന്ന് ഉൾപ്പെടെയുള്ള ബിസിനസ് താല്പര്യങ്ങളും ഇവർ ലക്ഷ്യം വെക്കുന്നുണ്ട്.
സ്വതന്ത്രചിന്തയുടെ പേരില്‍ ഇസ്‌ലാം വിരുദ്ധതയും ലൈംഗിക അരാജകത്വവും പ്രചരിപ്പിക്കുന്നവരെ സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് യൂത്ത് ലീഗ്. ഇസ്‌ലാമിനെയും പ്രവാചകനെയും മോശമാക്കി ചിത്രീകരിക്കുന്ന ഇവര്‍ സംഘപരിവാര്‍ അജണ്ടയാണ് നടപ്പാക്കുന്നത്. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും സമൂഹത്തില്‍ ഏറ്റവും മോശക്കാരായ, വെറുക്കപ്പെടേണ്ടവരായ വിഭാഗമാക്കി ചിത്രീകരിക്കുകയാണ് ഇവരുടെ ലക്ഷ്യമെന്നും യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അംഗീകരിച്ച പ്രമേയത്തില്‍ പറയുന്നു.
മതങ്ങള്‍ മുന്നോട്ട് വെക്കുന്ന ധാര്‍മ്മിക മൂല്യങ്ങളെ തുറന്ന് എതിര്‍ക്കുന്നവര്‍ എന്ന നിലക്ക് ഈ അരാചകവാദികള്‍ക്ക് കമ്മ്യൂണിസ്റ്റുകളും വലിയ പിന്തുണയാണ് നല്‍കുന്നത്. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ എല്ലാ പരിധികളും ലംഘിച്ച് മത സ്പര്‍ദ്ധ വളര്‍ത്തുന്നതും അധിക്ഷേപകരവുമായ സംസാരങ്ങള്‍ നിരവധി തവണ ഇത്തരം ആളുകളില്‍ നിന്ന് ഉണ്ടായിട്ടും ഒരു നിയമ നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരും പോലീസും തയ്യാറായിട്ടില്ല എന്നതും ഇവര്‍ക്ക് വളമാകുകയാണെന്നും പ്രമേയം കുറ്റപ്പെടുത്തുന്നു.
പ്രമേയത്തിന്റെ പൂര്‍ണരൂപം:
സ്വതന്ത്ര്യ ചിന്തകർ എന്ന പേരിൽ സ്വയം പരിചയപ്പെടുത്തി ഇസ്ലാം വിരുദ്ധതയും മതങ്ങൾ നിഷ്കർഷിക്കുന്ന ധാർമ്മിക സദാചാര മൂല്യങ്ങളോടുള്ള പരിഹാസവും പ്രചരിപ്പിക്കുന്നവർ സമൂഹത്തിൽ ഉയർത്തുന്ന വെല്ലുവിളിക്കെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തിറങ്ങണം.
പരിശുദ്ധ പ്രവാചകനെ അങ്ങേയറ്റം മോശമായി പരിഹസിച്ചും ഇസ്ലാമിക അധ്യാപനങ്ങളെയും മൂല്യങ്ങളെയും വക്രീകരിച്ചും ഇവർ നടത്തുന്ന പ്രചാരണം എല്ലാ അതിർവരമ്പുകളും ലംഘിക്കുന്നതാണ്. ഇസ്ലാമിനെയും മുസ്ലിംങ്ങളെയും സമൂഹത്തിൽ ഏറ്റവും മോശക്കാരായ, വെറുക്കപ്പെടേണ്ടവരായ വിഭാഗമാക്കി ചിത്രീകരിക്കുകയാണ് ഇവരുടെ ലക്ഷ്യം.
മുസ്‌ലിങ്ങൾ സമൂഹത്തിനും രാജ്യത്തിനും ഭീഷണിയാണ് എന്ന സംഘപരിവാർ അജണ്ടയാണ് ഇവർ ഏറ്റെടുത്തിരിക്കുന്നത്. ഇവരുടെ ഫണ്ടിങ് ഏജൻസിയും സംഘപരിവാർ ആണെന്നത് ഉറപ്പാണ്.
കുത്തഴിഞ്ഞ ലൈംഗിക ജീവിതത്തെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ലഹരി മരുന്ന് ഉൾപ്പെടെയുള്ള ബിസിനസ് താല്പര്യങ്ങളും ഇവർ ലക്ഷ്യം വെക്കുന്നുണ്ട്.
സോഷ്യൽ മീഡിയയിലൂടെ ഈ അരാചക ജീവിതത്തെ പരിചയപ്പെടുത്തുകയും മഹത്വവൽക്കരിക്കുകയും ചെയ്ത് വിദ്യാർത്ഥികളെയും യുവാക്കളെയും ആകർഷിക്കുക. ശേഷം ഇത്തരം ആളുകളുടെ കൂട്ടായ്മ രൂപപ്പെടുത്തി ലഹരി പാർട്ടികളും ആഭാസത്തരങ്ങളും നടത്തുകയാണ് ഇവരുടെ രീതി. മതങ്ങൾ മുന്നോട്ട് വെക്കുന്ന ധാർമ്മിക മൂല്യങ്ങളെ തുറന്ന് എതിർക്കുന്നവർ എന്ന നിലക്ക് ഈ അരാചകവാദികൾക്ക് കമ്മ്യൂണിസ്റ്റുകളും വലിയ പിന്തുണയാണ് നൽകുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ എല്ലാ പരിധികളും ലംഘിച്ച് മത സ്പർദ്ധ വളർത്തുന്നതും അധിക്ഷേപകരവുമായ സംസാരങ്ങൾ നിരവധി തവണ ഇത്തരം ആളുകളിൽ നിന്ന് ഉണ്ടായിട്ടും ഒരു നിയമ നടപടിയും സ്വീകരിക്കാൻ സർക്കാരും പോലീസും തയ്യാറായിട്ടില്ല എന്നതും ഇവർക്ക് വളമാകുകയാണ്.
മനുഷ്യന്റെ അടിസ്ഥാന പ്രശ്നമായ താനാരാണെന്നും, തന്റെ സത്ത എന്താണെന്നും, താനെന്തിന് ജീവിക്കണമെന്നുളള ചോദ്യത്തിന് ഉത്തരം നൽകുന്നതിൽ മുതലാളിത്ത സമൂഹത്തിനോ, കമ്മ്യൂണിസത്തിനോ സാധിക്കുന്നില്ല. ഈ പരാജയം മറച്ചു വെക്കാൻ വിശ്വാസികളുടെ വ്യക്തിപരമായ പോരായ്മകൾ പർവ്വതീകരിച്ച് മത നിഷേധം പ്രചരിപ്പിക്കുകയാണ് ലിബറലുകൾ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ നടത്തുന്നത്. ഈ ലിബറലുകൾ വിശ്വാസി സമൂഹത്തിന്റെ ആത്മീയവും ചിന്താപരവും രാഷ്ട്രീയവുമായ വ്യക്തിത്വവും, ചരിത്രപരമായ സവിശേഷതയും ഉൾകൊളളാൻ തയ്യാറാകുന്നില്ല.
നൈതിക മൂല്യങ്ങളുടെ ആധാരത്തിൽ നിന്ന് ദൈവത്തെ മാറ്റി തൽസ്ഥാനത്ത് മന:സാക്ഷിയെ പ്രതിഷ്ഠിക്കുക എന്ന നവ മാനവതാവാദം, ഇരവൽക്കരിക്കപ്പെട്ട വിശ്വാസികളുടെ ചിന്തയിലേക്ക് രക്ഷക പരിവേഷത്തിൽ വന്ന് അറിയാതെ കുത്തിവെച്ചുകൊണ്ടിരിക്കുന്നു.
ചിന്തയിലൂടെ മനുഷ്യൻ തന്റെ അസ്ഥിത്വത്തെ ഭൗതിക മേഖലക്കപ്പുറത്തേക്ക് വികസിപ്പിക്കുമ്പോൾ, ധാർമ്മിക മൂല്യങ്ങൾ ഭൗതിക സാഹചര്യങ്ങളുടെ മാത്രമാണെന്ന് പ്രചരിപ്പിക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഇത്തരം ശ്രമങ്ങൾ സാദാചാര മൂല്യങ്ങളെ മാറ്റി നിർത്തി അരാചകത്വം കൊണ്ട് വരാനാണ് ഇടവരുത്തുന്നത്.
കുടുംബ ബന്ധങ്ങളെ പവിത്രമായി കാത്തു സൂക്ഷിക്കുന്ന, മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന കേരളീയ സമൂഹത്തിൽ പുതു തലമുറയെ വഴി തെറ്റിച്ച് അരാചകത്വത്തിലേക്ക് നയിക്കുകയാണ് ഇത്തരക്കാർ ചെയ്യുന്നത്.
ഇതിനെതിരെ മത ധാർമ്മിക പക്ഷത്ത് നിലയുറപ്പിക്കുന്ന എല്ലാവരും രംഗത്ത് വരണം.
Adjust Story Font
16