സ്ഥിരം അപകട മേഖലയായി മുതലപ്പൊഴി; ഒരാഴ്ചക്കിടെ ആറ് അപകടങ്ങൾ
അപകടം നടന്നാൽ മുതലപ്പൊഴിയിൽ ആദ്യമെത്തേണ്ട കോസ്റ്റൽ പൊലീസിന്റെ റെസ്ക്യൂ ബോട്ട് കട്ടപ്പുറത്താണ്
തിരുവനന്തപുരം: കേരളത്തിൽ മത്സ്യബന്ധന ബോട്ടുകൾ ഏറ്റവും കൂടുതൽ അപകടത്തിൽ പെടുന്നത് തിരുവനന്തപുരം മുതലപ്പൊഴിയിലാണ്. ജൂണിൽ ഒരാഴ്ചക്കിടെ ആറ് അപകടങ്ങളാണ് മുതലപ്പൊഴിയിൽ നടന്നത്.കടലിൽ മണൽ കുമിഞ്ഞു കൂടിയതും അശാസ്ത്രീയമായ പുലിമുട്ട് നിർമാണവുമാണ് അപകടത്തിന് കാരണമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു.
കടലിനോട് മാത്രമല്ല മരണത്തോടും മല്ലിട്ടാണ് മുതലപ്പൊഴിയിലെ ഓരോ മത്സ്യത്തൊഴിലാളിയുടേയും ജീവിതം. മരണക്കെണിയായി മുന്നിൽ കുമിഞ്ഞുകൂടിയ മണലോ തകർന്നു വീണ പുലിമുട്ടോ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് ഓരോ മത്സ്യത്തൊഴിലാളിയും കടലിൽ പോകുന്നത്. ഹാർബറിൻറെ പ്രവേശന കവാടത്തിലാണ് അപകടമേറെയും.പുലിമുട്ടിൻറെ ഭാഗമായുള്ള കരിങ്കല്ലുകൾ ഏറെയും കടലിലാണ്. മണൽ നിറഞ്ഞ് ഈ ഭാഗങ്ങളിൽ ആഴമില്ലാതായതും അപകടം കൂട്ടി. വഴി തിരിച്ചറിയാൻ രണ്ടു ഭാഗത്തും സ്ഥാപിച്ച ലൈറ്റുകളെല്ലാം അണഞ്ഞിട്ട് ഒരുപാട് നാളായി.
മുതലപ്പൊഴിയിലെ മണൽനീക്കൽ അദാനി ഗ്രൂപ്പിന്റെ ചുമതലയാണ്. മൂന്ന് മാസത്തിലൊരിക്കൽ മണൽ നീക്കണമെന്ന വ്യവസ്ഥ നടപ്പായില്ല. രണ്ട് ജെ.സി.ബി ഉപയോഗിച്ച് മൺസൂണിന് മുമ്പ് മണൽ നീക്കിയതു കൊണ്ട് ആഴമുറപ്പാക്കാനും കഴിഞ്ഞില്ല. ഇതാണ് ഈ മാസം അപകടം കൂട്ടിയതെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ മുതലപ്പൊഴി അപകടങ്ങളുടെ ആവർത്തനമാകും.
അതേസമയം, അപകടം നടന്നാൽ മുതലപ്പൊഴിയിൽ ആദ്യമെത്തേണ്ട കോസ്റ്റൽ പൊലീസിന്റെ റെസ്ക്യൂ ബോട്ട് കട്ടപ്പുറത്താണ്. മറൈൻ എൻഫോഴ്സ്മെന്റിന്റെ വലിയ ബോട്ടും ആഴം കുറഞ്ഞ ഭാഗങ്ങളിൽ സർവീസ് നടത്താനാകാതെ പിടിച്ചിട്ടിരിക്കുകയാണ്. അപകടങ്ങളുടെ പശ്ചാത്തലത്തിൽ മുതലപ്പൊഴിയിൽ എടുത്ത തീരുമാനങ്ങളിൽ ഒന്നുപോലും ഇതുവരെ നടപ്പായിട്ടില്ല. മുതലപ്പൊഴിയിൽ അപകടമുണ്ടായാൽ ആദ്യമറിയുന്നത് തൊട്ടടുത്തുള്ള കോസ്റ്റൽ പൊലീസ് സ്റ്റേഷനിലാണ്. എന്നാൽ രക്ഷാപ്രവർത്തനത്തിന് സജ്ജമാക്കിയ റസ്ക്യൂ ബോട്ട് പണിമുടക്കിയിട്ട് നാളേറെയായി.
എൻജിൻ തകരാറ് മൂലമാണ് ബോട്ട് പിടിച്ചിട്ടിരിക്കുന്നത്.ഇതോടെ അപകട സ്ഥലത്തേക്ക് എത്താൻ പൊലീസുകാരും ഇപ്പോൾ ആശ്രയിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ വള്ളങ്ങൾ. അഴിമുഖ ചാൽ മണൽ മൂടിയതോടെ മറൈൻ എൻഫോഴ്സ്മെന്റിന്റെ വലിയ ബോട്ടും കടലിൽ ഇറക്കാൻ കഴിയാത്ത സ്ഥിതിയാണ്.
മുതലപ്പൊഴി ഹാർബറിൽ ലൈഫ് ഗാർഡുകളെ വിന്യസിക്കും,24 മണിക്കൂർ ആംബുലൻസ് സൗകര്യം ഉറപ്പാക്കും, മത്സ്യത്തൊഴിലാളികളുടെ സുരക്ഷയ്ക്ക് ലൈഫ് ജാക്കറ്റുകൾ വിതരണം ചെയ്യും, രക്ഷാപ്രവർത്തനങ്ങൾക്കായി കോസ്റ്റൽ പൊലീസിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും പ്രത്യേക നിരീക്ഷണമുണ്ടാകും എന്നൊക്കെയായിരുന്നു മൺസൂണിന് മുമ്പ് കലക്ടറുടെ ചേംബറിൽ ചേർന്നെടുത്ത തീരുമാനങ്ങൾ.
ആഴ്ച മൂന്ന് പിന്നിട്ടിട്ടും ഒന്നുപോലും നടപ്പായില്ല. ഹാർബറിൽ ആകെയുള്ള മൂത്രപ്പുര പോലും അനാസ്ഥയുടെ തെളിവായി പൂട്ടി കിടക്കുകയാണ്.
Adjust Story Font
16