Quantcast

മുട്ടില്‍ മരംമുറി കേസ് ഇന്ന് കോടതിയില്‍

കേസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിന്‍ സഹോദരങ്ങൾ ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു

MediaOne Logo

Web Desk

  • Published:

    13 March 2024 2:43 AM GMT

Muttil Tree Felling Case
X

വയനാട്: മുട്ടില്‍ മരംമുറി കേസ് സുൽത്താൻ ബത്തേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അഗസ്റ്റിന്‍ സഹോദരങ്ങൾ ഉള്‍പ്പെടെ എട്ട് പ്രതികള്‍ക്ക് കോടതി സമന്‍സ് അയച്ചു. അതിനിടെ, മുട്ടില്‍ മരംമുറിക്കേസ് വിവാദമായ സമയത്ത് പബ്ലിക് പ്രോസിക്യൂട്ടറും ഗവ.പ്ലീഡറുമായിരുന്ന അഡ്വ. ജോസഫ് മാത്യുവിനെ വീണ്ടും സർക്കാർ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ചു.

2020 - 21 വർഷത്തിൽ വയനാട് മുട്ടിലിൽ നടന്ന കോടികളുടെ അനധികൃത മരംമുറി കേസിൽ രണ്ടുവർഷം നീണ്ട അന്വേഷണത്തിനു ശേഷം കഴിഞ്ഞ ഡിസംബറിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതിൽ സി സി 1,588 ബാർ 2023 നമ്പര്‍ കേസാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. വയനാട് വാഴവറ്റ സ്വദേശികളും റിപ്പോർട്ടർ ചാനൽ ഉടമകളുമായ റോജിഅഗസ്റ്റിൻ, ആന്‍റോ അഗസ്റ്റിൻ, ജോസൂട്ടി അഗസ്റ്റിൻ എന്നിവരടക്കം 12 പേരാണ് കേസിലെ പ്രതികൾ. ഇവരോട് ഇന്ന് കേസിൽ ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജരേഖ ചമയ്ക്കൽ, പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

പൊലീസിനും റവന്യൂ വകുപ്പിനുമൊപ്പം കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും പ്രതികൾക്കെതിരെ അന്വേഷണം നടത്തുന്നുണ്ട്. അതിനിടെ, മുട്ടില്‍ മരംമുറിക്കേസ് വിവാദമായ സമയത്ത് പബ്ലിക് പ്രോസിക്യൂട്ടറും ഗവ.പ്ലീഡറുമായിരുന്ന അഡ്വ. ജോസഫ് മാത്യുവിനെ വീണ്ടും സർക്കാർ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിച്ച് സർക്കാർ ഉത്തരവിറക്കി. വയനാട് മുട്ടില്‍ സൗത്ത് വില്ലേജില്‍ നടന്ന അനധികൃത മരം മുറി ജില്ലാ ഭരണകൂടത്തിൻ്റെയും വനംവകുപ്പിൻ്റെയും ശ്രദ്ധയില്‍ കൊണ്ടുവന്നതും പ്രതികൾക്കെതിരെ ശക്തമായ നിലപാടെടുത്തതും അഡ്വ. ജോസഫ് മാത്യുവായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിൻ്റെ അഭ്യർഥന പരിഗണിച്ചാണ് അദ്ദേഹത്തെ വീണ്ടും നിയമിച്ച സർക്കാർ നടപടി.



TAGS :

Next Story