മുട്ടിൽ മരം മുറി; പ്രതികളെ സഹായിക്കാൻ സർക്കാർ വകുപ്പുകൾ ഒത്തുകളിക്കുന്നതായി ആരോപണം
പ്രതികളിൽ നിന്ന് പിഴ ഈടാക്കാനുള്ളതടക്കം നടപടികൾ റവന്യൂ വകുപ്പ് വൈകിപ്പിക്കുന്നുവെന്ന് മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. ജോസഫ് മാത്യു
വയനാട്: മുട്ടിൽ മരംമുറി കേസില്‍ പ്രതികളെ സഹായിക്കാന്‍ സർക്കാർ വകുപ്പുകൾ ഒത്തുകളിക്കുന്നതായി ആക്ഷേപം. കേരള ലാന്‍ഡ് കണ്‍സെര്‍വന്‍സി ചട്ടപ്രകാരം പ്രതികളിൽ നിന്ന് പിഴ ഈടാക്കാനുള്ളതടക്കം നടപടികൾ റവന്യൂ വകുപ്പ് വൈകിപ്പിക്കുന്നുവെന്ന് മുന്‍ ഗവണ്മെന്റ് പ്ലീഡര്‍ അഡ്വ. ജോസഫ് മാത്യു ആരോപിച്ചു. കേസിൽ വനംവകുപ്പ് പ്രതികൾക്കെതിരെ ചുമത്തിയത് നിസ്സാരവകുപ്പുകളാണെന്നും രണ്ടുവര്‍ഷമായിട്ടും വനംവകുപ്പ് കുറ്റപത്രം സമർപ്പിക്കാത്തത് ദുരൂഹമാണെന്നും ജോസഫ് മാത്യു മീഡിയ വണിനോട് പറഞ്ഞു.
മുറിച്ച മരങ്ങളുടെ കാലനിര്‍ണയം പൂര്‍ത്തിയാക്കി വിലയുടെ മൂന്നിരട്ടി വരെ പിഴചുമത്താവുന്ന കെഎൽസി ചട്ടപ്രകാരമുള്ള നടപടി സ്വീകരിക്കാൻ കേസ് രജിസ്റ്റർ ചെയ്ത് രണ്ടു വർഷമായിട്ടും റവന്യൂവകുപ്പ് തയാറായിട്ടില്ല. പിഴയടയ്‌ക്കുന്നതില്‍ നിന്ന് രക്ഷപ്പെടാൻ പ്രതികളെ സഹായിക്കുകയാണ് റവന്യൂ വകുപ്പെന്നാണ് ആരോപണം
പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം കെഎൽസി ആക്ട് ചുമത്തിയിട്ടുണ്ടെങ്കിലും റവന്യൂവകുപ്പിന്റെ അധികാര പരിധിയായതിനാല്‍ നിലനിൽക്കില്ലെന്നാണ് നിയമ വിദഗ്‌ധരുടെ വിലയിരുത്തൻ. ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനാല്‍ കേസിൽ മറ്റൊരന്വേഷണം ആവശ്യമില്ലെന്ന് ജോസഫ് മാത്യുവിന് വിവരാവകാശ നിയമപ്രകാരം റവന്യൂവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി നല്‍കിയ മറുപടിയിലും പറയുന്നു. ചുരുക്കത്തിൽ, കടുത്ത നടപടിയില്‍ നിന്ന് പ്രതികള്‍ക്ക് സർക്കാർ വകുപ്പുകളുടെ സംരക്ഷണം തുടരുകയാണെന്നാണ് ആക്ഷേപം.
അതേസമയം, മരംമുറി കേസിൽ അന്വേഷണം ശരിയായ ദിശയിലെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രൻ പ്രതികരിച്ചു. കുറ്റപത്രം സമർപ്പിക്കുന്നതിനായി എല്ലാ വിവരങ്ങളും വനംവകുപ്പ് നൽകിയെന്നും പ്രതികൾക്ക് കടുത്ത ശിക്ഷ സർക്കാർ ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16