മുട്ടിൽ മരംകൊള്ള: സർക്കാരിന്‍റെ നഷ്ട കണക്കിൽ വൈരുധ്യം
15 കോടിയുടെ നഷ്ടമുണ്ടായെന്ന വനം വകുപ്പിന്‍റെ കണക്ക് നിലനിൽക്കേയാണ് പൊലീസ് എട്ട് കോടി എന്ന കണക്ക് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.
മുട്ടിൽ മരംകൊള്ളയിലെ നഷ്ടം സംബന്ധിച്ച സർക്കാരിന്‍റെ കണക്കിൽ വൈരുധ്യം. പതിനഞ്ച് കോടിയുടെ നഷ്ടമെന്നായിരുന്നു വനംവകുപ്പിന്‍റെ റിപ്പോർട്ട്. എന്നാൽ പൊലീസ് കോടതിയിൽ നൽകിയ കണക്കിൽ എട്ടുകോടിയുടെ നഷ്ടമെന്നാണ് രേഖപ്പെടുത്തിയത്. കേസിൽ കോടതി റിമാൻഡ് ചെയ്ത പ്രതികളെ മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി.
മുട്ടിൽ മരം മുറി കേസിൽ ഇന്നലെ അറസ്റ്റിലായ റോജി അഗസ്റ്റിൽ, ആന്‍റോ അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ, ഡ്രൈവർ വിനീഷ് എന്നിവരെ രാവിലെ പത്ത് മണിയോടെയാണ് സുൽത്താൻ ബത്തേരി ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജറാക്കിയത്. 14 ദിവസത്തേക്ക് റിമാന്‍റ് ചെയ്ത പ്രതികൾക്ക് അമ്മയുടെ ശവസംസ്കാര ചടങിൽ പങ്കെടുക്കാൻ കോടതി അനുവാദം നൽകിയെങ്കിലും പൊലീസ് സാന്നിധ്യത്തിൽ ഇതിന് തയ്യാറല്ലെന്ന പ്രതികളുടെ നിലപാട് സംഘർഷത്തിനിടയാക്കി.
ഏറെ നേരത്തെ വാഗ്വാദത്തിന് ശേഷം പ്രതികളെ പൊലീസ് മാനന്തവാടി ജില്ലാ ജയിലിലേക്ക് മാറ്റി. പ്രതികൾ പങ്കെടുക്കാത്തതിനാൽ ഇന്നലെ മരിച്ച അമ്മയുടെ സംസ്കാര ചടങ്ങ് ഉടൻ നടത്തില്ലെന്നും മേൽ കോടതിയിൽ ഹരജി നൽകുമെന്നുമുള്ള നിലപാടിലാണ് ബന്ധുക്കൾ. അതിനിടെ കോടതിയിൽ സമർപ്പിച്ച പൊലീസ് റിപ്പോർട്ടിൽ പ്രതികളുടെ നടപടി മൂലം എട്ട് കോടി രൂപയുടെ നഷ്ടമുണ്ടായെന്ന പരാമർശം വിവാദമായി. 15 കോടിയുടെ നഷ്ടമുണ്ടായെന്ന വനം വകുപ്പിന്‍റെ കണക്ക് നിലനിൽക്കേയാണ് പൊലീസ് എട്ട് കോടി എന്ന കണക്ക് കസ്റ്റഡി അപേക്ഷയിൽ പറയുന്നത്.
Adjust Story Font
16