Quantcast

ആ വിടര്‍ന്ന ചിരിയും സൗമ്യഭാവവും ജനഹൃദയങ്ങളില്‍ എക്കാലവും ജീവിച്ചിരിക്കും: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി

അവശ വിഭാഗത്തിന്റെ പരാതി കേള്‍ക്കുന്നതിന് ജനസമ്പര്‍ക്ക പരിപാടി എന്ന ഔദ്യോഗിക വേദി ഉണ്ടാക്കിയ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയുടെ അധികാരം സാധാരണക്കാരന്റെ ആവലാതികള്‍ക്ക് പരിഹാരം കാണാന്‍ ഉപയോഗിച്ചു

MediaOne Logo

Web Desk

  • Published:

    18 July 2023 9:59 AM GMT

muvattupuzha ashraf moulavi remembers oommen chandy
X

തിരുവനന്തപുരം: ഏത് പ്രതിസന്ധിയിലും സാധാരണക്കാരന് വേണ്ടി പ്രവര്‍ത്തിച്ച, അവരുടെ പ്രശ്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയിരുന്ന ഒരു ജനനായകനെയാണ് ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തിലൂടെ കേരളത്തിന് നഷ്ടമായതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഏത് ആള്‍ക്കൂട്ടത്തിനു നടുവിലും ആരെയും അവഗണിക്കാതിരിക്കാന്‍ ശ്രമിക്കുന്ന അപൂര്‍വ വ്യക്തിത്വം. പൊലീസ് അകമ്പടിയില്ലാതെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന നേതാവായിരുന്നു അദ്ദേഹം. സംവരണമുള്‍പ്പെടെയുള്ള പല പൊതുപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി എന്ന നിലയില്‍ നേരില്‍ കാണേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിന്റെ പെരുമാറ്റത്തിലുണ്ടായ സൗമ്യത എടുത്തു പറയേണ്ടതാണെന്ന് അഷ്‌റഫ് മൗലവി അനുസ്മരിച്ചു.

ഏറ്റവും കൂടുതല്‍ കാലം നിയമസഭാ സാമാജികനായിരുന്നതിന്റെ റെക്കോര്‍ഡ് സ്വന്തമായുള്ള അദ്ദേഹം അരനൂറ്റാണ്ടിലേറെ നിയമസഭാംഗമായിരുന്നു എന്നത് ജനങ്ങള്‍ അദ്ദേഹത്തിലേല്‍പിച്ച വിശ്വാസത്തിന്റെ ഉത്തമ ഉദാഹരണമാണ്. 1970 മുതല്‍ 2021 വരെ പുതുപ്പള്ളിയില്‍ നിന്നു തുടര്‍ച്ചയായി 12 തവണയാണ് അദ്ദേഹം നിയമസഭയിലെത്തിയത്. രണ്ടു തവണയായി ഏഴു വര്‍ഷം മുഖ്യമന്ത്രിയുമായിരുന്നു.

അധികാരത്തിന്റെ ഗര്‍വോ അഹംഭാവമോ കാട്ടാതെ ജനങ്ങളുടെ ഇടയിലൂടെ സഞ്ചരിച്ച് അവരുടെ പ്രശ്‌നങ്ങള്‍ തൊട്ടറിഞ്ഞ് അവരുടെ വികാരങ്ങളില്‍ പങ്ക് ചേര്‍ന്ന് അവര്‍ക്ക് ആശ്വാസമായി മാറി. അവശ വിഭാഗത്തിന്റെ പരാതി കേള്‍ക്കുന്നതിന് ജനസമ്പര്‍ക്ക പരിപാടി എന്ന ഔദ്യോഗിക വേദി ഉണ്ടാക്കിയ അദ്ദേഹം മുഖ്യമന്ത്രിയുടെ അധികാരം സാധാരണക്കാരന്റെ ആവലാതികള്‍ക്ക് പരിഹാരം കാണാന്‍ ഉപയോഗിക്കുകയായിരുന്നു. രാഷ്ട്രീയ ശത്രുക്കളെ പോലും അധിക്ഷേപിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യാന്‍ ശ്രമിക്കാത്ത അദ്ദേഹത്തെ എപ്പോഴും സൗമ്യനായേ നാം കണ്ടിട്ടുള്ളു. ആ വിടര്‍ന്ന ചിരിയും സൗമ്യഭാവവും ജനഹൃദയത്തില്‍ എക്കാലവും ജീവിച്ചിരിക്കുമെന്നും മൂവാറ്റുപുഴ അഷ്‌റഫ് മൗലവി പറഞ്ഞു.

TAGS :

Next Story