Quantcast

എം.വി ഗോവിന്ദൻ രാജിവച്ചു; എം.ബി രാജേഷ് മന്ത്രിയാകും, ഷംസീർ സ്പീക്കർ

സജി ചെറിയാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണ്ടെന്നാണ് സി.പി.എം യോഗ തീരുമാനം

MediaOne Logo

Web Desk

  • Updated:

    2022-09-02 14:44:53.0

Published:

2 Sep 2022 11:35 AM GMT

എം.വി ഗോവിന്ദൻ രാജിവച്ചു; എം.ബി രാജേഷ് മന്ത്രിയാകും, ഷംസീർ സ്പീക്കർ
X

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ എം.വി ഗോവിന്ദൻ മന്ത്രിസ്ഥാനം രാജിവച്ചു. നിലവിലെ സ്പീക്കറായ എം.ബി രാജേഷ് പകരം മന്ത്രിയാകും. തലശ്ശേരി എം.എൽ.എ എ.എൻ ഷംസീർ സ്പീക്കറുമാകും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം. ഔദ്യോഗിക വാർത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചു.

എം.വി ഗോവിന്ദന്‍ കൈകര്യം ചെയ്ത തദ്ദേശ-എക്‌സൈസ് വകുപ്പുകള്‍ തന്നെയാകും എം.ബി രാജേഷിനും ലഭിക്കുക. വകുപ്പില്‍ മാറ്റമുണ്ടാകില്ലെന്നു വ്യക്തമായിട്ടുണ്ട്. അതേസമയം, സജി ചെറിയാൻ രാജിവച്ച ഒഴിവിലേക്ക് പുതിയ മന്ത്രി വേണ്ടെന്നാണ് സി.പി.എം യോഗ തീരുമാനം. ഗോവിന്ദൻ രാജിവച്ചതോടെ കണ്ണൂരിന് ഒരു മന്ത്രിയെ നഷ്ടപ്പെടുന്നതിനാൽ സ്പീക്കറായി ജില്ലയിൽനിന്നുള്ള ജനപ്രതിനിധിയെ നിയമിക്കാൻ തീരുമാനിച്ചതാണ് ഷംസീറിന് അനുഗ്രഹമായത്.

മന്ത്രിസഭയില്‍ വന്‍അഴിച്ചുപണിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളിലെ മാറ്റമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. വീണ ജോര്‍ജിനെ സ്പീക്കറാക്കി കെ.കെ ശൈലജയെ ആരോഗ്യ വകുപ്പിലേക്ക് തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു റിപ്പോര്‍ട്ട്. എം.ബി രാജേഷിനു വിദ്യാഭ്യാസ വകുപ്പ് നല്കുമെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍, മന്ത്രിസഭയില്‍ തല്‍ക്കാലം വന്‍ അഴിച്ചുപണി വേണ്ടെന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനിച്ചിരിക്കുന്നത്.

പാലക്കാട് ജില്ലയിലെ തൃത്താലയിൽനിന്നുള്ള നിയമസഭാ അംഗമാണ് രാജേഷ്. രണ്ടു തവണ(2009, 2014) പാലക്കാട്ടുനിന്ന് ലോക്‌സഭയിലെത്തി. നേരത്തെ, എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ് പദവികൾ വഹിച്ചിട്ടുണ്ട്. നിലവിൽ സി.പി.എം സംസ്ഥാന സമിതി അംഗമാണ്.

എസ്.എഫ്.ഐ മുൻ സംസ്ഥാന സെക്രട്ടറി, ഡി.വൈ.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച ഷംസീർ ഇതു രണ്ടാം തവണയാണ് തലശ്ശേരിയിൽനിന്ന് എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. നിലവിൽ സി.പി.എം സംസ്ഥാന സമിതി അംഗമാണ്.

Summary: MV Govindan resigns and MB Rajesh will be the new minister and AN Shamseer to be the speaker

TAGS :

Next Story