ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരം: എം.വി ഗോവിന്ദൻ
രണ്ടു പാർട്ടികളുടെയും നിലപാടുകള്‍ ഒന്നായത് കൊണ്ടാണ് വേഗത്തിൽ പാർട്ടി മാറാൻ കഴിയുന്നത് എന്നും ഗോവിന്ദൻ
അനിൽ ആന്റണി ബിജെപിയിൽ ചേർന്ന സംഭവം ജനാധിപത്യ ഇന്ത്യക്കും കേരളത്തിനും അപമാനകരമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കോണ്‍ഗ്രസുകാർക്ക് പാർട്ടി മാറുന്നതിന് അതിർവരമ്പുകള്‍ ഇല്ലാതായി. രണ്ടു പാർട്ടികളുടെയും നിലപാടുകള്‍ ഒന്നായത് കൊണ്ടാണ് വേഗത്തിൽ പാർട്ടി മാറാൻ കഴിയുന്നത് എന്നും ഗോവിന്ദൻ പറഞ്ഞു.
അനിൽ ആന്റണി കുറച്ചു നാളുകളായി കോൺഗ്രസിനും രാഹുൽ ഗാന്ധിയുൾപ്പടെയുള്ള നേതാക്കൾക്കുമെതിരായി വിമർശനങ്ങളുന്നയിച്ച് മാധ്യമശ്രദ്ധ നേടിയിരുന്നു. ബിജെപിയുടെ നിലപാടുകൾക്കനുകൂലമായ പ്രസ്താവനകളാണ് അനിലിന്റെ ഭാഗത്ത് നിന്നും വന്നത്. അത്തരം പ്രസ്താവനകളുണ്ടായപ്പോൾ പോലും കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. കെ.സുധാകരനും വി.ഡി സതീശനും അനിലിനും ആർ.എസ്.എസിനുമെതിരായി ഒരു നിലപാടുകളും പറഞ്ഞതുമില്ല".
"അനിൽ ആന്റണിയുടെ ബിജെപി പ്രവേശനം ജനാധിപത്യ ഇന്ത്യയ്ക്കും കേരളത്തിനും അപമാനകരമാണ്. പാർട്ടി മാറുന്നതിന് കോൺഗ്രസുകാർക്ക് അതിർവരമ്പുകൾ ഇല്ലാതായി. രണ്ട് പാർട്ടികളുടെയും നിലപാടുകൾ ഒന്നായത് കൊണ്ടാണ് വേഗത്തിൽ പാർട്ടി മാറാൻ കഴിയുന്നത്". ഗോവിന്ദൻ പറഞ്ഞു.
ഇന്ന് ഉച്ചയോടെയാണ് അനിൽ ആന്റണി ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തി അംഗത്വമെടുത്തത്. അനിൽ രാജ്യതാല്പര്യം ഉയർത്തിപ്പിടിച്ചുവെന്നും അനിലിനെ ബിജെപിയിലേക്ക് സന്തോഷപൂർവം സ്വാഗതം ചെയ്യുന്നുവെന്നും വി.മുരളീധരൻ പറഞ്ഞു. ഹൈന്ദവരെ മാത്രം ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന വ്യാജ പ്രചരണങ്ങൾക്കുള്ള മറുപടിയാണിതെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.കേരളത്തിൽ നിന്ന് ഒരു നേതാവ് പാർട്ടിയിൽ ചേരുമെന്നും ഇത് ഒരു ക്രിസ്ത്യൻ നേതാവാണെന്നും ബിജെപി വ്യക്തമാക്കിയിരുന്നു.
ബിജെപിയിൽ ചേർന്നയുടനെ കോൺഗ്രസ് നേതൃത്വത്തെ തള്ളിപ്പറഞ്ഞ അനിൽ നേതാക്കൾ കുടുംബവാഴ്ചയ്‌ക്കൊപ്പമാണെന്ന് ആരോപിച്ചു. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കണം എന്നതാണ് തന്റെ കാഴ്ചപ്പാടെന്നും ഇത് കുടുംബവിഷയമല്ല എന്നും അനിൽ കൂട്ടിച്ചേർത്തിരുന്നു.
Adjust Story Font
16