സിപിഎമ്മിലെ വിഭാഗീയത; മാറ്റിവെച്ച സമ്മേളനങ്ങൾ ഇനി നടക്കില്ലെന്ന് എം.വി ഗോവിന്ദൻ
'പാർട്ടിക്കുള്ളിൽ തിരുത്തൽ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കും'
തിരുവനന്തപുരം: പാർട്ടിക്കകത്തെ വിഭാഗീയത കാരണം മാറ്റിവച്ച സമ്മേളനങ്ങൾ ഇനി നടക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. കരുനാഗപ്പള്ളിയിലേത് പാർട്ടിയെ അപകീർത്തിപ്പെടുത്തുന്ന നിലപാട് ആയിരുന്നു. പാർട്ടിക്കുള്ളിൽ തിരുത്തൽ പ്രക്രിയ തുടർന്നുകൊണ്ടേയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റായ ഒരു പ്രവണതയും പാർട്ടി അംഗീകരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഞ്ചിയൂരിലെ സിപിഎം ഏരിയ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അതേസമയം, വഞ്ചിയൂരിലെ സ്റ്റേജ് വിവാദത്തിൽ എം.വി ഗോവിന്ദൻ മാധ്യമങ്ങളെ പഴിചാരി. സ്റ്റേജ് കെട്ടുന്നതിലല്ല പ്രശ്നം, കമ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുന്നതിലാണ് മാധ്യമശ്രദ്ധ. സിപിഎം സമ്മേളനങ്ങൾക്ക് മാധ്യമങ്ങൾ ആവശ്യത്തിന് പ്രചാരണം നടത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വഞ്ചിയൂരിൽ സിപിഎം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞായിരുന്നു സ്റ്റേജ് കെട്ടിയത്.
മല്ലു ഹിന്ദ് വാട്സ്ആപ്പ് ഗ്രൂപ്പ് വിവാദത്തിൽ നടപടി നേരിട്ട കെ. ഗോപാലകൃഷ്ണൻ IASനെയും അദ്ദേഹം വിമർശിച്ചു. 'ഇവൻ്റെയൊക്കെ തലക്കകത്ത് എന്താണെ'ന്ന് ഗോവിന്ദൻ പറഞ്ഞു. സിപിഎം വിട്ട ബിബിൻ സി. ബാബുവിനെതിരെയും മധു മുല്ലശേരിക്കെതിരെയും അദ്ദേഹം വിമർശനമുന്നയിച്ചു. 'മധുവിനെയൊക്കെ സെക്രട്ടറിയാക്കിയതാണ് പറ്റിയ അബദ്ധം. ഗത്യന്തരമില്ലാതെയാണ് ബിബിൻ ബിജെപിയിലേക്ക് പോയതെ'ന്നും അദ്ദേഹം വിമർശിച്ചു.
Adjust Story Font
16