വാഹന ഉടമ മരിച്ച ശേഷം ഉടമാസ്ഥാവകാശം മാറ്റൽ; ഏകീകൃത രീതി ഏർപ്പെടുത്തി എംവിഡി
ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കി
തിരുവനന്തപുരം: വാഹന ഉടമ മരിച്ച ശേഷം വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതില്‍ ഏകീകൃത രീതി ഏര്‍പ്പെടുത്തി മോട്ടോര്‍ വാഹന വകുപ്പ്. ഇത് സംബന്ധിച്ച് ഗതാഗത കമ്മീഷണര്‍ സര്‍ക്കുലര്‍ ഇറക്കി.
വാഹന ഉടമ മരണപ്പെട്ട ശേഷം വാഹനത്തിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ വിവിധ ഓഫീസുകളില്‍ വ്യത്യസ്ത രീതിയിലുള്ള നടപടിക്രമങ്ങളാണ് നിലവില്‍ പാലിക്കുന്നത്. ജനത്തിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് ഏകീകൃത രീതി വേണമെന്ന് വകുപ്പ് തീരുമാനമെടുത്തത്.
പുതിയ സര്‍ക്കുലര്‍ പ്രകാരം ഉടമസ്ഥാവകാശം മാറ്റാനായി ആദ്യം വേണ്ടത് തഹസില്‍ദാര്‍ നല്‍കുന്ന അനന്തരാവകാശ സര്‍ട്ടിഫിക്കറ്റാണ്. അതുമല്ലെങ്കില്‍ ഏതെങ്കിലും കോടതിയില്‍ നിന്ന് അനുവദിച്ച് നല്‍കിയ പിന്തുടര്‍ച്ചാവകാശ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാവുന്നതാണ്. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വ്യക്തികളുടെയും സമ്മതത്തോടെ ഏതെങ്കിലും ഒരു അവകാശിയുടെ പേരിലേക്ക് ഉടമസ്ഥാവകാശം മാറ്റാം. ഇതിനായി എല്ലാ വ്യക്തികളും രേഖാമൂലമുള്ള സത്യവാങ്മൂലം കൂടി നല്‍കണം.
അവസാന ഘട്ടം നേരിട്ട് ഹാജരാവുന്നതാണ്. അനന്തരാവകാശ സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ വ്യക്തികളും തിരിച്ചറിയല്‍ രേഖയുമായി ആര്‍ടിഒക്ക് മുൻപാകെ ഹാജരായി ഒപ്പിടണം. അവകാശികളിലാരെങ്കിലും വിദേശത്താണെങ്കില്‍ അയാളുടെ സമ്മതപ്രകാരം അടുത്ത ബന്ധു ഹാജരായി വീഡിയോ കാള്‍ വഴി ആര്‍ടിഒയുമായി കൂടിക്കാഴ്ച നടത്താം.
Adjust Story Font
16