ചെറുവണ്ണൂരിലെ യുവാവിന്റെ ദുരൂഹ മരണം; വീഴ്ചയുടെ ആഘാതമാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം
ജിഷ്ണുവിനെ അവശനിലയില്‍ കണ്ടെത്തിയ വീട്ടിലേക്കുള്ള വഴിയിലും പരിസരത്തുമാണ് ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്
കോഴിക്കോട്: ചെറുവണ്ണൂരിലെ യുവാവിന്റെ ദുരൂഹ മരണത്തിൽ അന്വേഷണം തുടരുന്നു. ജിഷ്ണുവിനെ അവശനിലയിൽ കണ്ടെത്തിയ സ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. വീഴ്ചയുടെ ആഘാതമാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പൊലീസ് ജിഷ്ണുവിനെ മർദിച്ചതായി സംശയിക്കുന്നു എന്ന് കുടുംബം പറഞ്ഞു. മരണ കാരണം പൊലീസ് മര്‍ദനമാകാമെന്ന് കുടുംബം ആവര്‍ത്തിക്കുകയാണ്.
ജിഷ്ണുവിനെ അവശനിലയില്‍ കണ്ടെത്തിയ വീട്ടിലേക്കുള്ള വഴിയിലും പരിസരത്തുമാണ് ഫോറന്‍സിക് സംഘം പരിശോധന നടത്തിയത്. കേസന്വേഷണത്തിന് നേതൃത്വം നല്‍കുന്ന ജില്ലാ ക്രൈംബ്രാഞ്ച് എ.സി.പി അനില്‍ ശ്രീനിവാസിന്‍റെ നേതൃത്വത്തിലാണ് പരിശോധന. സംഭവത്തില്‍ ദുരൂഹത പറയാനാവില്ലെന്നും വീഴ്ചയുടെ ആഘാതമാകാം മരണകാരണമെന്നും അദ്ദേഹം പറഞ്ഞു.
വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടും മറ്റു ശാസ്ത്രീയ പരിശോധനാ ഫലങ്ങളും വന്നതിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവൂ എന്നാണ് അന്വേഷണസംഘം പറയുന്നത്. ചൊവ്വാഴ്ച രാത്രിയാണ് ജിഷ്ണുവിനെ വഴിയരികിൽ അത്യാസന്ന നിലയിൽ കണ്ടെത്തിയത്. നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Adjust Story Font
16