ഗർഭിണിയായ യുവതിയുടെ ദുരൂഹ മരണം; ഭർത്താവ് അറസ്റ്റിൽ
വയറ്റിൽ അണുബാധയുണ്ടായതും ഗർഭസ്ഥ ശിശു മരിച്ചതും സംശയങ്ങൾക്കിടയാക്കിയിരുന്നു
പത്തനംതിട്ട: കുഴിക്കാലയിൽ ഗർഭിണിയായ യുവതി മരിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കുഴിക്കാല കുറുന്താർ സ്വദേശി ജോതിഷിനെയാണ് ആറന്മുള പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നരമാസത്തിലേറെയായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന അനിത ജൂണ് 28നാണ് മരിച്ചത്. ഗർഭിണിയായ യുവതിയുടെ വയറ്റിൽ അണുബാധയുണ്ടാവുകയും ഗർഭസ്ഥ ശിശു മരിക്കുകയും ചെയ്തതാണ് സംശയങ്ങൾക്കിടയാക്കിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് പൊലീസ് അറന്മുള സ്റ്റേഷനിലേക്ക് പരാതി കൈമാറിയതോടെ ബന്ധുക്കളും സ്റ്റേഷനിലെത്തി പരാതി നൽകി. ഇതോടെയാണ് ആറന്മുള പൊലീസ് ജ്യോതിഷിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്.
വയറ്റിൽ വേദനയും പഴുപ്പുമുണ്ടായതിനെ തുടർന്ന് മെയ് 19നാണ് അനിതയെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. അവിടെ നടത്തിയ പരിശോധനകളിൽ ഒൻപതുമാസം ഗർഭിണിയായിരുന്ന അനിതയുടെ കുഞ്ഞിന് ജീവനില്ലെന്നും മൃതദേഹം അഴുകി ദ്രവിച്ച നിലയിലാണന്നും കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവ് നിർബന്ധിച്ച് ചില ദ്രാവകങ്ങൾ കുടിപ്പിച്ചിരുന്നതായി അനിത ഡോക്ടർമാരോട് പറഞ്ഞിരുന്നയും ബന്ധുക്കൾ പറയുന്നു.
ഇതേ തുടർന്നാണ് യുവതിക്ക് വയറ്റിൽ അണുബാധയുണ്ടായതെന്നും ഗർഭിണിയാണന്ന വിവരം മറച്ച് വയ്ക്കാൻ അനിതയെ ജോതിഷ് നിർബന്ധിച്ചിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു. അനിതയുടെ വായിൽ തുണി തിരുകിയ ശേഷം ജോതിഷ് നിരന്തരം മർദ്ദിച്ചിരുന്നതായും ബന്ധുക്കൾ പരാതി ഉന്നയിച്ചു.
വിശ്വകർമ്മ വിഭാഗത്തിൽപ്പെട്ട അനിതയെ രണ്ടര വർഷം മുൻപാണ് നായർ സമുദായാംഗമായ ജ്യോതിഷ് പ്രണയിച്ച് വിവാഹം കഴിച്ചത്. യുവതി രണ്ടാമതും ഗർഭിണിയായതോടെ അക്കാര്യം മറച്ച് പിടിക്കുന്നതിന് വേണ്ടിയാണ് ഇയാൾ മർദ്ദനം തുടങ്ങിയതെന്നും ബന്ധുക്കൾ പറഞ്ഞു. സ്ത്രീധന പീഡന നിരോധന നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിക്കെതിരെ കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
Adjust Story Font
16