Quantcast

വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ ദുരൂഹ മരണം; പ്രതികളെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

മരിക്കും മുമ്പ് സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായിരുന്നതായി വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു

MediaOne Logo

Web Desk

  • Published:

    28 Feb 2024 8:09 AM GMT

veterinary university wayanad,student death,wayana student death,വയനാട്,വെറ്ററിനറി സർവകലാശാല,വിദ്യാർഥിയുടെ ദുരൂഹ മരണം,ജെ.എസ്. സിദ്ധാർഥന്‍
X

വയനാട്: വയനാട്ടിലെ വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ ദുരൂഹ മരണത്തിൽ പ്രതികളെ പിടികൂടാത്തതിൽ വ്യാപക പ്രതിഷേധം. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയൻ പ്രസിഡന്റും അടക്കമുള്ള പ്രതികളെ പൊലീസും കോളജ് അധികൃതരും സംരക്ഷിക്കുകയാണെന്നാണ് ആരോപണം.സംഭവത്തിൽ പ്രതിഷേധിച്ച് വൈത്തിരി പൊലീസ് സ്റ്റേഷനിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തി.

രണ്ടാം വർഷ ബി.വി.എസ്.സി വിദ്യാർഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാർഥനെ ക്യാമ്പസിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പ്രതിഷേധം പുകയുന്നത്. മരിക്കും മുമ്പ് സിദ്ധാർഥൻ ക്രൂര മർദനത്തിനിരയായിരുന്നതായി വ്യക്തമാക്കുന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മകനെ കൊന്ന് കെട്ടിത്തൂക്കിയതാണെന്നാരോപിച്ച് സിദ്ധാർഥൻ്റെ മാതാപിതാക്കളും രംഗത്തുവന്നു.

മൃതദേഹത്തിൽ മർദനമേറ്റതിൻ്റെ നിരവധി പാടുകളുമുണ്ടായിരുന്നു. സംഭവത്തിൽ എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്‌സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ. അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ എന്നിവരുൾപ്പെടെ ഒളിവിൽ പോയ 12 പ്രതികളെ 10 ദിവസത്തിനു ശേഷവും കണ്ടെത്താനാകാതെ സാഹചര്യത്തിലാണ് കെ.എസ്.യു, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയത്. 24നു വൈകിട്ട് വരെ പ്രതി ളിൽ ഭൂരിഭാഗവും ക്യാംപസിലുണ്ടായിരുന്നെന്നും പ്രതികൾക്ക് ഒളിവിൽ പോകാനുള്ള സൗകര്യമൊരുക്കിയതിനു ശേഷമാണ് പൊലീസ് അന്വേഷണം ഊർജിതമാക്കിയതെന്നും വിദ്യാർഥികൾ പറയുന്നു.

മരിക്കും മുമ്പ് വിദ്യാർഥി ക്രൂര മർദനത്തിനിരയായെന്നുമാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. കുരുക്കു മുറുകിയ ഭാഗത്ത് അസാധാരണ മുറിവുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. കാര്യക്ഷമമായ നടപടികളുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കാനാണ് കെ.എസ്.യു അടക്കമുള്ള വിദ്യാർഥി സംഘടനകളുടെ തീരുമാനം.

TAGS :

Next Story