Quantcast

അച്ചു ഉമ്മന്‍റെ സൈബർ ആക്രമണക്കേസിൽ നന്ദകുമാർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൂജപ്പുര പൊലീസ് ആണ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്

MediaOne Logo

Web Desk

  • Published:

    6 Sep 2023 1:14 AM GMT

achu oommen
X

അച്ചു ഉമ്മന്‍

കൊച്ചി:ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ നൽകിയ സൈബർ ആക്രമണക്കേസിൽ കെ.നന്ദകുമാർ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരായേക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് പൂജപ്പുര പൊലീസ് ആണ് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്. ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്‍റെതാണോ എന്ന് സ്ഥിരീകരിച്ച ശേഷം മാത്രം മതി ചോദ്യം ചെയ്യൽ എന്നുള്ള നിലപാടിലായിരുന്നു ആദ്യ ഘട്ടത്തിൽ പൊലീസ്. എന്നാൽ ഇതിനെച്ചൊല്ലി നിരന്തരം വാർത്തകളും വിമർശനങ്ങളും വന്നതോടെയാണ് ആദ്യം ചോദ്യം ചെയ്യൽ നടപടി പൂർത്തിയാക്കാം എന്ന നിലപാടിലേക്ക് പൊലീസ് എത്തിയത്.

ഫേസ്ബുക്ക് അക്കൗണ്ട് നന്ദകുമാറിന്‍റെതാണോ എന്ന് സ്ഥിരീകരിക്കാനും അധിക്ഷേപകരമായ പരാമർശങ്ങൾ നടത്തി എന്ന് ആരോപിക്കപ്പെടുന്ന പോസ്റ്റുകൾ റിക്കവർ ചെയ്യാനും പൂജപ്പുര പൊലീസ് ഫേസ്ബുക്കിന് മെയിൽ അയച്ചിരുന്നു. ഇതിൽ മറുപടി ഇതുവരെ ലഭിച്ചിട്ടില്ല. മറുപടി ലഭിച്ച ശേഷം മാത്രമേ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടക്കൂ.

മുൻ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനായ ഐഎച്ച്ആർഡി അഡ്മിനിസ്‌ട്രേറ്റ് ഓഫീസർ കൂടിയാണ് നന്ദകുമാർ.സർക്കാർ സർവീസിൽ നിന്ന് വിരമിച്ച ശേഷം ഒരു മാസം മുമ്പാണ് നന്ദകുമാറിന് ഐ.എച്ച്.ആർ.ഡിയിൽ നിയമനം നൽകിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദേശ പ്രകാരമാണ് സി.പി.എം സൈബർ ഇടങ്ങളിൽ സജീവ സാന്നിധ്യമായ നന്ദകുമാറിന് നിയമനം നൽകിയതെന്നാണ് സൂചന.അച്ചു ഉമ്മൻ പരാതി നൽകിയതിന് പിന്നാലെ മാപ്പ് പറഞ്ഞ നന്ദകുമാർ ഫേസ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. സർവീസ് ചട്ട പ്രകാരവും സോഷ്യൽ മീഡിയ വഴി അധിക്ഷേപം നടത്തുന്നത് തെറ്റാണ്. ഇതിനിടയിൽ അച്ചു ഉമ്മന്‍റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ നന്ദകുമാറിന്‍റെ മൊഴി താമസിയാതെ പൂജപ്പുര പൊലീസ് രേഖപ്പെടുത്തും.

TAGS :

Next Story