നരബലി: പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുന്നു, ഷാഫിയുടെ വീട്ടിലും പരിശോധന
ഷാഫിയുടെ വീട്ടിൽ നിന്ന് സ്വർണം പണയം വെച്ചതുൾപ്പെടെയുള്ള രേഖകള്‍ കണ്ടെടുത്തു
കൊച്ചി: ഇലന്തൂർ നരബലി കേസിലെ പ്രതികളുടെ ചോദ്യംചെയ്യൽ കൊച്ചിയിൽ പുരോഗമിക്കുന്നു. രാത്രി മൂന്നു സ്റ്റേഷനുകളിലെ ലോക്കപ്പുകളിലായി പാർപ്പിച്ചിരുന്ന പ്രതികളെ രാവിലെ പൊലീസ് ക്ലബിൽ എത്തിച്ചാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഒമ്പത് മണിക്ക് ശേഷം മൂന്നു പ്രതികളുടെയും ചോദ്യം ചെയ്യൽ തുടങ്ങിയിരുന്നു. പ്രതികളെ ഒറ്റയ്ക്കും ഒരുമിച്ചുമിരുത്തിയുള്ള ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.
അതേസമയം മുളവുകാട് സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതി മുഹമ്മദ് ഷാഫിയുടെ എറണാകുളം ഗാന്ധി നഗറിലുള്ള വീട്ടിൽ പരിശോധന നടത്തുകയാണ്. ഭഗവൽ സിങും ഷാഫിയും തമ്മിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകൾ നടന്നിരുന്നു. ഇതിന്റെ രേഖകളും മറ്റു വിശദാംശങ്ങളും പൊലീസ് ഷാഫിയുടെ വീട്ടില്‍ നിന്നും കണ്ടെത്തി. ഇതുമായി ബന്ധപ്പെട്ട് പൊലീസ് ഷാഫിയുടെ ഭാര്യയെയും ചോദ്യം ചെയ്തു. ഉച്ചക്ക് ശേഷം ഷാഫിയെ ഗാന്ധിനഗറിലുള്ള സ്വർണ്ണപ്പണയ പണമിടപാട് സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും. കൊല്ലപ്പെട്ടവരുടെ സ്വർണാഭരണങ്ങൾ ഷാഫി ഇവിടെ പണയം വെച്ചിട്ടുണ്ട് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അതേസമയം കേസിൽ അന്വേഷണത്തിലേക്ക് വഴിതെളിച്ച മിസിങ് കേസുകൾ രണ്ടായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. ആദ്യം രജിസ്റ്റർ ചെയ്ത കേസിനെ കുറിച്ചാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. പ്രതികളുടെ നിലവിലെ കസ്റ്റഡി കാലാവധി കഴിഞ്ഞാൽ രണ്ടാമത്തെ തിരോധാനക്കേസിൽ പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പതിവ് അന്വേഷണ രീതികളിൽ നിന്ന് മാറി പഴുതടച്ച അന്വേഷണം നടത്താനാണ് പൊലീസ് സംഘത്തിന്റെ തീരുമാനം. മണിക്കൂറുകൾ നീണ്ട അന്വേഷണ സംഘത്തിന്റെ യോഗത്തിലാണ് അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിന് രൂപം നൽകിയത്. കേസിലെ മുഖ്യ സൂത്രധാരൻ ഷാഫി കൂടുതൽ സ്ത്രീകളെ ഇലന്തൂരിൽ കൊണ്ടുവന്നോ എന്നത് പരിശോധിക്കാനും സംഘം തീരുമാനിച്ചു. ഇപ്പോഴത്തെ കസ്റ്റഡി കാലാവധിക്ക് ശേഷം കാലടി കേസിനായി വീണ്ടും കോടതിയെ സമീപിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നാടിനെ ഞെട്ടിച്ച ക്രൂരകൃത്യത്തിനായി മൂവരും ചേർന്ന് നടത്തിയ ഗൂഢാലോചനയടക്കം പുറത്ത് കൊണ്ടുവരാനാണ് സംഘത്തിന്റെ തീരുമാനം.
Adjust Story Font
16