കോഴിക്കോട്ട് ഇന്ന് നവകേരള സദസിന്റെ രണ്ടാം ദിനം; അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കും
വൈകീട്ട് ആറു മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത പരിപാടിയോടെ ഇന്നത്തെ നവകേരള സദസ്സിന് സമാപനമാകും
കോഴിക്കോട്: ജില്ലയിലെ നവകേരള സദസിന്റെ രണ്ടാം ദിനമായ ഇന്ന് അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കും. കൊയിലാണ്ടി, ബാലുശ്ശേരി, എലത്തൂർ, കോഴിക്കോട് നോർത്ത്, കോഴിക്കോട് സൗത്ത് തുടങ്ങിയ മണ്ഡലങ്ങളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ് സംഘടിപ്പിക്കുക.
വൈകീട്ട് ആറു മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന കോഴിക്കോട് സൗത്ത്, നോർത്ത് മണ്ഡലങ്ങളുടെ സംയുക്ത പരിപാടിയോടെ ഇന്നത്തെ നവകേരള സദസ്സിന് സമാപനമാകും. ഇന്നലെയാണ് കോഴിക്കോട് ജില്ലയില്‍ നവകേരള സദസ്സ് പര്യടനം തുടങ്ങിയത്. വടകരയിലെ പ്രഭാതയോഗമായിരുന്നു ആദ്യ പരിപാടി.
രാവിലെ 9 മണിക്ക് വടകര ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങില്‍ വടകര, നാദാപുരം, കുറ്റ്യാടി, പേരാമ്പ്ര മണ്ഡലങ്ങളിൽനിന്നുള്ള ക്ഷണിക്കപ്പെട്ട അതിഥികളുമായി മുഖ്യമന്ത്രിയും മന്ത്രിമാരും സംവദിച്ചു. മുൻ എം.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ലത്തീഫ് തുറയൂരും പ്രഭാതയോഗത്തിൽ ക്ഷണിക്കപ്പെട്ട അതിഥിയായി പങ്കെടുത്തു.
ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിൽ മൂന്നു ദിവസങ്ങളിലായാണ് പരിപാടി നടക്കുന്നത്. ആദ്യദിനമായ ഇന്ന് നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി, വടകര മണ്ഡലങ്ങളിൽ മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തി.
അതിനിടെ, നവകേരള സദസ്സിനിടെ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകര്‍ അറസ്റ്റിലായിരുന്നു. യൂത്ത് കോൺഗ്രസ് ചെറുവണ്ണൂർ മണ്ഡലം പ്രസിഡന്‍റ് സിയാദ് ചെറുവണ്ണൂർ, നൗഫൽ എന്നിവരെയാണ് മേപ്പയൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
Summary: Today, the second day of Navakerala Sadas in Kozhikode district, will complete the tour of five assembly constituencies
Adjust Story Font
16