Quantcast

നവീൻ ബാബുവിന് വീഴ്ചയില്ല; എൻഒസി നൽകുന്നതിൽ കാലതാമസം വന്നിട്ടില്ലെന്നും കലക്ടറുടെ റിപ്പോർട്ട്

ഫയൽ നീക്കം സംബന്ധിച്ച അന്വേഷണത്തിലാണ് കാലതാമസമില്ലെന്ന് വ്യക്തമായത്

MediaOne Logo

Web Desk

  • Updated:

    2024-10-18 02:17:18.0

Published:

18 Oct 2024 2:09 AM GMT

Naveen Babu, adm, Collector,NOC,നവീൻ ബാബു, എൻഒസി,
X

കണ്ണൂർ‌: ആത്മ‌ഹത്യചെയ്ത എഡിഎം നവീൻ ബാബുവിന് വീഴ്ചയില്ലെന്ന് കലക്ടറുടെ കണ്ടെത്തൽ. എൻഒസി നൽകുന്നതിൽ കാലതാമസം വന്നിട്ടില്ലെന്നും വിവിധ വകുപ്പുകളുടെ അനുമതിക്കായുള്ള കാലതാമസം മാത്രമാണ് ഉണ്ടായതെന്നും കലക്ടർ കണ്ടെത്തി. ഫയൽ നീക്കം സംബന്ധിച്ച അന്വേഷണത്തിലാണ് കാലതാമസമില്ലെന്ന് വ്യക്തമായത്. കലക്ടർ നാളെ റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് നൽകും. സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് ഹാജരാക്കാൻ കലക്ടറോട് സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയാറാക്കിയിത്.

സംഭവത്തിൽ പി.പി ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ഇന്നലെ നീക്കിയിരുന്നു. ദിവ്യക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിനു പിന്നാലെയാണ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിന്റെ നടപടി. അതേസമയം മുൻകൂർ ജാമ്യം തേടി ദിവ്യ കോടതിയെ സമീപിക്കും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇതിനു പിന്നാലെയാണ് ജാമ്യം തേടി കോടതിയെ സമീപിക്കാനുള്ള നീക്കം ദിവ്യ ശക്തമാക്കിയത്.

കണ്ണൂരിൽ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിന് പിന്നാലെയായിരുന്നു നവീൻ ബാബുവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂ‍ർ ചെങ്ങളായിയിലെ പെട്രോൾ പമ്പുമായി ബന്ധപ്പെട്ടായിരുന്നു വിവാദം. പരിയാരം മെഡിക്കൽ കോളേജിലെ കരാർ തൊഴിലാളിയായ പ്രശാന്താണ് പെട്രോൾ പമ്പ് തുടങ്ങാൻ എൻഒസി വേണമെന്നാവശ്യപ്പെട്ടാണ് എഡിഎമ്മിനെ സമീപിച്ചത്. എന്നാൽ പമ്പ് സ്ഥാപിക്കാൻ ഉദ്ദേശിച്ച സ്ഥലത്തോട് ചേർന്ന് റോഡിൽ വളവുണ്ടായിരുന്നതിനാൽ അനുമതി നൽകുന്നതിന് പ്രയാസമുണ്ടെന്ന് എഡിഎം അറിയിക്കുകയായിരുന്നു. എങ്കിലും സ്ഥലംമാറ്റത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് നവീൻ ബാബു പമ്പിന് എൻഒസി നൽകി. ഇത് വൈകിപ്പിച്ചെന്നും പണം വാങ്ങിയാണ് അനുമതി നൽകിയതെന്നുമാണ് ദിവ്യ യാത്രയയപ്പ് യോ​ഗത്തിൽ ആരോപിച്ചത്. ഇതിന്റെ തൊട്ടടുത്ത ദിവസം രാവിലെ എഡിഎമ്മിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

TAGS :

Next Story